സൂര്യക്കൊപ്പമുള്ള രസകരമായ ഷൂട്ടിങ് അഭിനയാനുഭവങ്ങൾ പങ്കുവെച്ച് നടൻ നസ്ലിൻ. ബോട്ടിൽ കൊണ്ട് തലയ്ക്കടിക്കുന്ന രംഗം ചിത്രീകരിച്ചപ്പോൾ ആദ്യ ടേക്കുകളിൽ തനിക്ക് മടി തോന്നിയിരുന്നുവെന്നും എന്നാൽ സൂര്യ ധൈര്യം നൽകിയതോടെയാണ് രംഗം പൂർത്തിയാക്കിയതെന്നും നസ്‌ലെൻ പറഞ്ഞു. ഇരുവരുടെയും ആദ്യ കോമ്പിനേഷൻ രംഗം ഓട്ടോയിലായിരുന്നുവെന്നും താരം ഓർത്തെടുത്തു.
സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെങ്കിലും വിജയത്തിനു ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് നസ്ലിൻ വ്യക്തമാക്കി. താൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
സിനിമകൾ തിരഞ്ഞെടുക്കാൻ പ്രത്യേക പ്ലാനിങ്ങൊന്നും നടത്താറില്ലെന്നും കഥ കേൾക്കുമ്പോൾ താൽപര്യം തോന്നുന്ന ചിത്രങ്ങളാണ് സ്വീകരിക്കാറുള്ളതെന്നും നസ്ലിൻ പറഞ്ഞു. സിനിമയുടെ ആവശ്യത്തിനനുസരിച്ച് പരിശീലനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്താറുണ്ടെന്നും മികച്ചൊരു സിനിമ രൂപപ്പെടുത്തുന്നതിൽ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും നിർണായക പങ്കുണ്ടെന്നും താരം വ്യക്തമാക്കി.






