ഝാർഖണ്ഡിൽ ഖനനത്തിനായി 928 ഹെക്ടർ വനഭൂമി വിട്ടുനൽകാൻ അനുമതി

ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ അശോക് വിപുലീകരണ ഓപ്പൺകാസ്റ്റ് കൽക്കരി ഖനന പദ്ധതിക്കായി 928.03 ഹെക്ടർ വനഭൂമി വിട്ടുനൽകാനുള്ള നിർദേശത്തിന് വനം ഉപദേശക സമിതി അംഗീകാരം നൽകി. പദ്ധതിയിലൂടെ ഖനനത്തിന്റെ വാർഷിക ഉൽപ്പാദനശേഷി രണ്ട് കോടി ടണ്ണായി ഉയർത്തും. ഇതിനായി 2.43 ലക്ഷം സാൽ മരങ്ങൾ ഉൾപ്പെടെ 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും.

ഖനനവ്യാപനം വനനശീകരണത്തിനും ആനകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണത്തിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്. ആനകൾ, കഴുതപ്പുലികൾ, കുറുനരികൾ, ബംഗാൾ കുറുക്കന്മാർ, പെരുമ്പാമ്പുകൾ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. പദ്ധതി നടപ്പാകുന്നതോടെ മനുഷ്യ-ആന സംഘർഷം വർധിക്കാനും കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങാനും സാധ്യതയുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഖനനം ആരംഭിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വന്യജീവി പരിപാലന പദ്ധതി തയ്യാറാക്കണമെന്ന് സമിതി നിർദേശിച്ചു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ആഘാതവും പരിപാലന നടപടികളുടെ ഫലപ്രാപ്തിയും നിരീക്ഷിക്കണമെന്നും ഇതിന്റെ മുഴുവൻ ചെലവും ഖനനക്കമ്പനി വഹിക്കണമെന്നും നിർദേശമുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *