സഞ്ജു സാംസൺ: ദി ഫീനിക്സ് ഇൻ യെല്ലോ

സഞ്ജു വിശ്വനാഥ് സാംസൺ—ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയധികം സ്നേഹിക്കപ്പെട്ട, എന്നാൽ ഇത്രയധികം പരീക്ഷിക്കപ്പെട്ട മറ്റൊരു താരം ഉണ്ടാവില്ല. ന്യൂസിലൻഡ് പര്യടനത്തിൽ തഴയപ്പെട്ടപ്പോഴും, അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ അധ്യായം അവസാനിച്ചു എന്ന് പലരും വിധി എഴുതിയപ്പോഴും, അയാൾ നിശബ്ദനായി തന്റെ ബാറ്റിനെ സംസാരിക്കാൻ പ്രാപ്തനാക്കുകയായിരുന്നു.

അമേരിക്കയിലെ ലോകകപ്പ് വേദികളിൽ സഞ്ജു പുറത്തിരുന്നപ്പോൾ വിമർശകർക്ക് ആഘോഷമായിരുന്നു. “സഞ്ജുവിന് അവസരങ്ങൾ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട, കിട്ടിയ അവസരങ്ങൾ അയാൾ പാഴാക്കി” എന്ന വരികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പക്ഷേ, ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ നമ്മൾ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. സെമിഫൈനലിലും ഫൈനലിലും സെഞ്ച്വറിയേക്കാൾ വിലയുള്ള ആ 87, 97 റൺസുകൾ—അവ വെറും അക്കങ്ങളായിരുന്നില്ല. മറിച്ച്, ലോകകിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ജീവനാടിയായ ഇന്നിംഗ്സുകളായിരുന്നു. ഒരു ടോപ്പ് ക്ലാസ് ബാറ്ററുടെ മിന്നും ഫോം കാണണമെങ്കിൽ സഞ്ജുവിനെ നോക്കണമെന്ന മുൻ താരങ്ങളുടെ വാക്കുകൾ അന്വർത്ഥമായ നിമിഷങ്ങൾ.
ലോകകപ്പിന് ശേഷം ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. സഞ്ജു സാംസൺ തന്റെ തട്ടകമായ രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്. സമ്മർദ്ദം ഏറുകയായിരുന്നു. ആരാധകർക്ക് വലിയ പ്രതീക്ഷ, എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായപ്പോൾ വിമർശകർ വീണ്ടും ആയുധമെടുത്തു.
സി.എസ്.കെക്ക് ഇതൊരു നഷ്ടക്കച്ചവടമാണ് സാം കറനോ ജഡേജയോ മതിയായിരുന്നു എന്നൊക്കെയുള്ള ചർച്ചകൾ കൊഴുത്തു. സഞ്ജുവിന്റെ മുഖത്ത് ആ പഴയ തളർച്ചയുണ്ടോ എന്ന് ക്യാമറക്കണ്ണുകൾ തിരഞ്ഞു.

പക്ഷേ, ആ മത്സരം എല്ലാം മാറ്റിമറിച്ചു.
2026 ഏപ്രിൽ 11-ന് ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 56 പന്തിൽ പുറത്താകാതെ നേടിയ 115 റൺസ് സഞ്ജുവിന്റെ കരിയറിലെ നാലാമത്തെ ഐ.പി.എൽ സെഞ്ച്വറിയായിരുന്നു. ആ സീസണിൽ ഒരു സി.എസ്.കെ താരം നേടുന്ന ആദ്യ സെഞ്ച്വറിയും അത് തന്നെ. അതിന് ശേഷമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു തന്റെ അടുത്ത സെഞ്ച്വറി കൂടി കുറിച്ചിരിക്കുന്നത്.”
മുംബൈയ്ക്കെതിരായുള്ള
എതിരായ മത്സരത്തിൽ
ഒരു ബാറ്റ്സ്മാൻ തന്റെ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ പന്ത് നേരിടുന്നത് എങ്ങനെയാണെന്ന് സഞ്ജു കാണിച്ചുതന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ജസ്പ്രീത് ബുംറയെ ഒരു പുൾ ഷോട്ടിലൂടെ സിക്സറിന് പറത്തുമ്പോൾ, അത് സഞ്ജുവിന്റെ ആത്മവിശ്വാസത്തിന്റെ വിളംബരമായിരുന്നു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിച്ചുകൊണ്ട്, ഇന്നിംഗ്സിന്റെ പേസ് നിയന്ത്രിച്ചുകൊണ്ട് അയാൾ മുന്നേറി. അവസാന ഓവറുകളിൽ ക്രിസ് ബഗത്തിനെതിരെ തുടർച്ചയായ സിക്സറുകൾ പായിച്ച് തന്റെ ഐ.പി.എൽ കരിയറിലെ അഞ്ചാമത്തെയും, സി.എസ്.കെയ്ക്ക് വേണ്ടി മുംബൈക്കെതിരെയുള്ള ആദ്യത്തെയും സെഞ്ച്വറി അയാൾ കുറിച്ചു.

ഇർഫാൻ പത്താൻ പറഞ്ഞതുപോലെ, ഇത് സഞ്ജുവിന്റെ പീക്ക് ടൈമാണ്. ബാറ്റിംഗിനപ്പുറം ഒരു ‘ക്യാപ്റ്റൻസി മെറ്റീരിയൽ’ കൂടി ചെന്നൈക്ക് സഞ്ജുവിലൂടെ ലഭിച്ചിരിക്കുകയാണ്. ഋതുരാജിന് കീഴിൽ കളിക്കുമ്പോഴും, ഭാവിയിൽ ചെന്നൈയുടെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തുന്നത് വിദൂരമായ ഒരു സ്വപ്നമല്ല. കഴിഞ്ഞ 5-6 വർഷത്തിനിടെ സി.എസ്.കെ നടത്തിയ ഏറ്റവും വലിയ ലാഭക്കച്ചവടമായി സഞ്ജു മാറിയിരിക്കുന്നു.
നിരാശയുടെ ആഴങ്ങളിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക് സഞ്ജു നടന്നു കയറുകയാണ്. കാരണം അയാൾക്കറിയാം,

Form is temporary class is permanent

വാംഖഡെയിലെ മഞ്ഞക്കടലിന് സാക്ഷിയായി അയാൾ വീണ്ടും തെളിയിച്ചു—സഞ്ജു സാംസൺ എന്നത് വെറുമൊരു പേരുമല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും ക്രിക്കറ്റ് ചരിത്രങ്ങളിൽ എന്നും വാഴ്ത്തപ്പെടാൻ പോകുന്ന പേര് കൂടിയാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന മലയാളി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *