കോടികളുടെ നഷ്ടത്തിൽ നിന്ന് യുഎസ് വിപണിയിലെ ‘മാസ്സ് എൻട്രി’; അമേരിക്കയിൽ തരംഗമായി ഇന്ത്യൻ മാമ്പഴ നയതന്ത്രം

അമേരിക്കൻ മലയാളികളെയും യുഎസ് വിപണിയെയും ഒരേപോലെ കൊതിപ്പിച്ചുകൊണ്ട് ഇന്ത്യൻ മാമ്പഴങ്ങൾ വീണ്ടും അമേരിക്കയിൽ വൻ തരംഗമാവുകയാണ്. കടുത്ത പ്രതിസന്ധികൾക്ക് ശേഷമുള്ള മാസ്സ് എൻട്രി എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കാരണം, കഴിഞ്ഞ വർഷം യുഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില സർട്ടിഫിക്കറ്റ് പിഴവുകൾ മൂലം അമേരിക്കൻ വിമാനത്താവളങ്ങളിൽ എത്തിയ 15 ലോഡ് ഇന്ത്യൻ മാമ്പഴങ്ങളാണ് നശിപ്പിക്കേണ്ടി വന്നത്. കയറ്റുമതിക്കാർക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ച ആ കറുത്ത ദിനങ്ങളെ മറികടന്ന്, കൃത്യം ഒരു വർഷത്തിപ്പുറം സിയാറ്റിലിലെ സൂപ്പർമാർക്കറ്റുകളിൽ അൽഫോൻസോയും കേസറും നിരന്നപ്പോൾ അമേരിക്കൻ മാധ്യമങ്ങൾ പോലും ഇത് വലിയ വാർത്തയാക്കി.

സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വിജയകരമായ വ്യാപാരത്തെ ‘മാമ്പഴ നയതന്ത്രം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 27,800 കോടി രൂപയുടെ ഭീമൻ ആഭ്യന്തര വിപണിയുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപാദക രാജ്യം കൂടിയാണ്. എന്നാൽ വിപണിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ നോക്കിയ അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലുമാണ്. കീടബാധ കാരണം അവരുടെ സിന്ധ്രി, സരോലി മാമ്പഴങ്ങളുടെ ഉൽപാദനം 15 ശതമാനത്തോളം കുറയുകയും, ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചതും കാരണം അവരുടെ കയറ്റുമതി പാളുകയും ചെയ്തു. പാകിസ്ഥാന്റെ ഈ തകർച്ചയും ഇന്ത്യൻ മാമ്പഴങ്ങളുടെ കിടിലൻ ഗുണമേന്മയും കൂടിയായപ്പോൾ അമേരിക്കൻ വിപണി ഇപ്പോൾ പൂർണ്ണമായും ഇന്ത്യ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *