പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി രാജ്യത്ത് ഇന്ധനവില ഉയരാൻ തുടങ്ങിയതോടെ വൈദ്യുത വാഹന വിപണിക്ക് പുതിയ ഊർജ്ജം കൈവന്നിരിക്കുകയാണ്.

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 15-നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ചയും വില ഉയർത്തി. എന്നാൽ ഇന്ധനവില വർധിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയപ്പോൾ തന്നെ രാജ്യത്ത് വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രകടമായത്.

മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം രാജ്യത്ത് 49,809 വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 43,897 എണ്ണമായിരുന്നു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണിയിൽ 13.50 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില വർധനവിന്റെ ഭാരം വരും മുൻപ് തന്നെ ഉപഭോക്താക്കൾ വലിയ തോതിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഈ മുന്നേറ്റം വൈദ്യുത കാറുകളുടെ വിപണിയിൽ ദൃശ്യമായിട്ടില്ല. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിൽ 7,975 ഇലക്ട്രിക് കാറുകൾ മാത്രമാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 9,917 എണ്ണമായിരുന്നു. ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. സാധാരണ ഇലക്ട്രിക് കാറുകളുടെ ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തികമായി കൈയൊതുങ്ങുന്ന ഒന്നാണ് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും എന്നതുതന്നെയാണ് ഇരുചക്ര വാഹന വിപണിക്ക് തുണയായത്. എങ്കിലും വരും ദിവസങ്ങളിലും ഇന്ധനവില തുടർച്ചയായി വർധിക്കുകയാണെങ്കിൽ വരും മാസങ്ങളിൽ അത് കാറുകൾ ഉൾപ്പെടെയുള്ള മൊത്തം വൈദ്യുത വാഹന വിപണിക്കും വലിയ നേട്ടമായി മാറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *