റെയിൽവേ സ്റ്റേഷനുകളിൽ ഇനി രുചികരമായ പൊരിച്ച കോഴിയും! യാത്രക്കാർക്ക് പുതുമയേറിയ ഭക്ഷണ അനുഭവം നൽകാൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു സെൻട്രൽ എന്നീ എട്ടു സ്റ്റേഷനുകളിൽ പ്രമുഖ ആഗോള ബ്രാൻഡുകളുടെ ചിക്കൻ വിഭവങ്ങൾ ലഭ്യമാകും.
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനും സ്റ്റേഷനുകളെ വൈവിധ്യവത്കരിക്കാനുമുള്ള റെയിൽവേയുടെ പുതിയ ചുവടുവെപ്പാണിത്.
സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി കണ്ണൂർ ഉൾപ്പെടെയുള്ള 18 സ്റ്റേഷനുകളിൽ എടിഎം മെഷീനുകൾ ഇതിനകം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു.
ഐസ്ക്രീം പാർലറുകൾ, പലചരക്ക് കടകൾ, ചെരുപ്പുകടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, മൊബൈൽ സ്റ്റോറുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയും ഉടൻ തന്നെ സ്റ്റേഷനുകളിൽ എത്തുന്നതാണ്.
യാത്രക്കാർക്ക് ഏറെ കൗതുകകരമായ ‘കോച്ച് റസ്റ്ററന്റുകളും’ റെയിൽവേ സ്റ്റേഷനുകളിൽ തരംഗമാകുകയാണ്.
പയ്യന്നൂർ, പാലക്കാട് ടൗൺ സ്റ്റേഷനുകളെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലും കോച്ച് റസ്റ്ററന്റ് ഉടൻ ആരംഭിക്കും. പഴയ റെയിൽവേ കോച്ചുകൾ ഭക്ഷണശാലകളായി മാറ്റുന്ന ഈ പദ്ധതിക്കായി കോഴിക്കോട്ട് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപ ചെലവിൽ പയ്യന്നൂരിൽ നിർമ്മാണം പുരോഗമിക്കുന്ന കോച്ച് റസ്റ്ററന്റ് പദ്ധതി ഉടൻ തന്നെ യാഥാർത്ഥ്യമാകും.





