കേരളത്തിൽ അടുത്തിടെയായി കോഴിയിറച്ചി വിലയിലുണ്ടായ കുതിച്ചുചാട്ടം സാധാരണക്കാരുടെയും ഹോട്ടൽ വ്യാപാരികളുടെയും ബജറ്റുകളെ പാടെ തെറ്റിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മാത്രം കിലോയ്ക്ക് നാൽപ്പത് രൂപയോളമാണ് വർദ്ധിച്ചത്. നിലവിൽ ഇടുക്കി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന വിപണികളിൽ കോഴി വില 165 രൂപ മുതൽ 175 രൂപ വരെയായി ഉയർന്നു കഴിഞ്ഞു. കേരളത്തിലേക്ക് പ്രധാനമായും ഇറച്ചിക്കോഴി എത്തുന്ന തമിഴ്നാട്ടിലെ ഫാമുകളിൽ അനുഭവപ്പെടുന്ന കനത്ത ചൂടാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കടുത്ത ചൂട് മൂലം ഫാമുകളിൽ കോഴികൾ വ്യാപകമായി ചത്തുപോകുന്നതും ഉൽപാദനം പകുതിയോളമായി കുറഞ്ഞതും വിപണിയിൽ വലിയ തോതിൽ ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിന് പുറമെ, നിലവിലെ സാഹചര്യം മുതലെടുത്ത് വൻകിട വ്യാപാരികൾ പൂഴ്ത്തിവെപ്പ് നടത്തുന്നതായും വിപണിയിലേക്ക് ആവശ്യത്തിന് ലോഡുകൾ എത്തിക്കാതെ വില കൃത്രിമമായി ഉയർത്താൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹോട്ടൽ, കേറ്ററിങ് മേഖലകളെയാണ്. നിലവിലുള്ള പാചകവാതക ക്ഷാമത്തിന് പിന്നാലെ കോഴി വിലയും കൂടിയായതോടെ ഹോട്ടലുകൾ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതേ അവസ്ഥ തുടർന്നാൽ മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ താത്കാലികമായി ഒഴിവാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സജീവമായ ഈ സീസണിൽ കേറ്ററിങ് നടത്തുന്നവരും മുൻകൂട്ടി ഉറപ്പിച്ച തുകയ്ക്ക് ഓർഡറുകൾ പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. വരും ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും വേനൽമഴ ലഭിച്ച് ചൂട് കുറഞ്ഞാൽ മാത്രമേ കോഴി ഉൽപാദനം സാധാരണ നിലയിലാകുകയുള്ളൂ എന്നും, എങ്കിൽ മാത്രമേ വിലയിൽ കാര്യമായ കുറവുണ്ടാകൂ എന്നുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.





