ഒമ്പത് വര്‍ഷത്തെ ദുരിതം, നാല് വര്‍ഷത്തെ സമരം’ഒടുവില്‍ നീതി ലഭിച്ച് ഹര്‍ഷിന

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളായി നീതിക്കുവേണ്ടി തെരുവില്‍ പോരാടിയ ഹര്‍ഷിന ഒടുവില്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. ആശുപത്രി വികസന സമിതി വഴിയുള്ള സ്ഥിരനിയമനമാണിത്.ഒപ്പം നിന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലുകളെ പ്രശംസിച്ച ഹര്‍ഷിന, പ്രശ്‌നത്തില്‍ ഒപ്പം നിന്ന ആരോഗ്യ മന്ത്രിക്കും നന്ദി അറിയിച്ചു.

തനിക്ക് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും, തന്നെ അവഗണിച്ചവര്‍ക്കും പുച്ഛിച്ചു തള്ളിയവര്‍ക്കുമുള്ള മറുപടിയാണ് ഈ ജോലിയെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു.

2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. വര്‍ഷങ്ങളോളം ശാരീരിക വേദനയും മാനസിക വിഷമങ്ങളും അനുഭവിച്ച ഹര്‍ഷിന, നീതി ആവശ്യപ്പെട്ട് നടത്തിയ ശക്തമായ ജനകീയ സമരം കേരളത്തിലുടനീളം വലിയ ചര്‍ച്ചയായിരുന്നു. ഒമ്പത് വര്‍ഷത്തോളമാണ് ഹര്‍ഷിന ദുരിതം അനുഭവിച്ചത്. ഇതില്‍ നാല് വര്‍ഷത്തോളം നീതിക്കായി സമരപ്പന്തലിലായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളും സമരവും കാരണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമായിരുന്ന ബിരുദ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories