ഫ്രാൻസിലെ പാരിസിൽ നിന്ന് പുറത്തുവരുന്ന ക്രൂരമായ പീഡനത്തിന്റെ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തണലാകേണ്ട സ്വന്തം പങ്കാളിയിൽ നിന്ന് ഏഴു വർഷത്തോളം അതിക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന 42-കാരിയായ ലെറ്റീഷ്യ ആർ എന്ന യുവതിയുടെ അതിജീവനക്കഥയാണിത്. ഭീഷണിയുടെ നിഴലിൽ നിർത്തി തന്നെ മൃഗത്തെപ്പോലെ വേട്ടയാടിയ മുൻ പങ്കാളിയും മുൻ ബാങ്ക് മാനേജരുമായ ഗില്ലോം ബുച്ചിക്ക് ഒടുവിൽ ഫ്രഞ്ച് കോടതി 25 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്.
2015 മുതൽ 2022 വരെയുള്ള കാലയളവിൽ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ലെറ്റീഷ്യയെ കീഴ്പ്പെടുത്തിയത്. പണത്തിനായി അപരിചിതർക്കും സ്വന്തം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയാൾ ഈ യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. വിചാരണ വേളയിൽ കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച നരകയാതനകൾ ലെറ്റീഷ്യ തുറന്നുപറഞ്ഞു. തന്നെ ചൂഷണം ചെയ്ത പുരുഷന്മാരുടെ എണ്ണം 487 പിന്നിട്ടപ്പോൾ താൻ എണ്ണുന്നത് നിർത്തിയെന്ന ലെറ്റീഷ്യയുടെ വാക്കുകൾ കേട്ട് വിറങ്ങലടിച്ചു നിൽക്കാനേ കോടതിക്കും കഴിഞ്ഞുള്ളൂ.
അതേസമയം, ലെറ്റീഷ്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നതായും പ്രതിയായ ബുച്ചി കോടതിയിൽ സമ്മതിച്ചെങ്കിലും, ഇതെല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്ന വിചിത്ര വാദമാണ് അയാൾ ഉന്നയിച്ചത്. എന്നാൽ ഒരു ഇരയുടെ നിസ്സഹായാവസ്ഥയെയും മാനസികാവസ്ഥയെയും ചൂഷണം ചെയ്ത് നടത്തിയ ഈ അതിക്രമത്തെ പരസ്പര സമ്മതമെന്ന് വിളിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കോടതി പ്രതിക്ക് കാൽനൂറ്റാണ്ട് കാലത്തെ കഠിനതടവ് വിധിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട ക്രൂര പീഡനങ്ങൾ കാരണം കടുത്ത മാനസിക ആഘാതത്തിലാണ് ലെറ്റീഷ്യ ഇപ്പോഴുമുള്ളത്. എങ്കിലും ഭയത്തിന്റെ തടവറയിൽ നിന്ന് പുറത്തുകടന്ന് സത്യം വിളിച്ച് പറഞ്ഞ് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ അമ്മ.





