ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുനൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുകിടക്കണമെന്നും ആരും അത് നിയന്ത്രിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലാത്തപക്ഷം ഒമാനെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ നിലപാട് കടുപ്പിച്ച ട്രംപ്, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്ന് പിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. അതേസമയം ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു സമാധാന ഉടമ്പടിയുടെ കരട് രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഈ കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതും ഈ കരട് രേഖയുടെ ലക്ഷ്യങ്ങളിലൊന്നാണ്.





