ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറെ പ്രതീക്ഷയുണർത്തിയിരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം വൻ ദുരന്തത്തിൽ കലാശിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 36-ൽ വ്യാഴാഴ്ച രാത്രി നടന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് റോക്കറ്റ് നിയന്ത്രണം വിട്ട് സ്ഫോടനത്തോടെ തകർന്നത്. സംഭവത്തിൽ ജീവനപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഇത്.
320 അടി ഉയരമുള്ള ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായുള്ള സ്ഥിരം പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോക്കറ്റിന്റെ എഞ്ചിനുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി വിക്ഷേപണ തറയിൽ തന്നെ നടത്താറുള്ള ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. ഏതാനും നിമിഷങ്ങൾക്കകം റോക്കറ്റ് അഗ്നിഗോളമായി മാറുകയും വിക്ഷേപണ തറയുടെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
റോക്കറ്റിലുണ്ടായിരുന്ന ആമസോണിന്റെ 48 ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളും അപകടത്തിൽ പൂർണമായും നശിച്ചതായാണ് റിപ്പോർട്ടുകൾ. ആഗോള ഇന്റർനെറ്റ് സേവന ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ആമസോണിന്റെ പദ്ധതികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
അപകടത്തെ തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിക്കുമെന്ന് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് അറിയിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, കേപ്പ് കനവറലിലെ പ്രധാന വിക്ഷേപണ സൗകര്യങ്ങൾക്ക് ഉണ്ടായ നാശനഷ്ടം കമ്പനിയുടെ ഭാവി ദൗത്യങ്ങളെ മാസങ്ങളോളം ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
ഈ സംഭവം നാസയുടെ ആർട്ടെമിസ് ചന്ദ്രദൗത്യ പദ്ധതികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് 5 ദൗത്യത്തിനായി ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുകളെയും അനുബന്ധ സംവിധാനങ്ങളെയും നാസ ആശ്രയിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലേക്കുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നാസയും ബ്ലൂ ഒറിജിനും തമ്മിൽ വലിയ കരാറുകൾ നിലവിലുണ്ട്.
സംഭവത്തെ തുടർന്ന് പദ്ധതികൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുമെന്ന് നാസ അധികൃതർ അറിയിച്ചു. ദൗത്യങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമോയെന്ന കാര്യത്തിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് അപകടത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബ്ലൂ ഒറിജിന്റെ പരീക്ഷണം പരാജയപ്പെട്ടത്. സ്വകാര്യ ബഹിരാകാശ രംഗത്ത് കടുത്ത മത്സരമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് നാസയുടെ ഭാവി ചന്ദ്രദൗത്യങ്ങളിൽ നിർണായക പങ്ക് നേടാനുള്ള മത്സരത്തിൽ ബ്ലൂ ഒറിജിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.





