ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ നിർമ്മാണക്കമ്പനിയായ ഒപിഎം സിനിമാസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്ത്.
വടകര സ്വദേശിയായ സജിത് എന്ന വ്യക്തിയാണ് തങ്ങളെയും വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികളെയും ചതിച്ചതെന്ന് സംവിധായകൻ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് വ്യക്തമാക്കി.
സിനിമയുടെ ഷൂട്ടിങ് സംഘം വിലങ്ങാടുള്ള സാധാരണക്കാരായ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തി മുങ്ങി എന്ന വാർത്ത വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പണം നൽകാത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തി, വ്യാപാരികളുടെ എല്ലാ ബാധ്യതകളും കമ്പനി നേരിട്ട് തീർപ്പാക്കുമെന്ന ഉറപ്പുമായി ഒപിഎം ഫിലിംസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
“വിലങ്ങാട് നടന്ന ചിത്രീകരണ വേളയിൽ സിനിമയിലെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ എന്നയാളെയാണ് ഒപിഎം സിനിമാസ് ഏൽപ്പിച്ചിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ ഈ തുക മുഴുവൻ വാങ്ങിയിട്ടും സജിത് വ്യാപാരികൾക്ക് പണം നൽകിയില്ല.”
പ്രാദേശിക വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതായി കമ്പനി അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഒപിഎം സിനിമാസ് പരാതി നൽകിയിട്ടുണ്ട്.
വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. മാസങ്ങളോളം സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയവ നൽകിയ വകയിലാണ് വ്യാപാരികൾക്ക് ലക്ഷങ്ങളുടെ ബാധ്യത വന്നത്.തുടക്കത്തിൽ വിശ്വാസം വരാൻ കൃത്യമായി പണം നൽകിയ ശേഷമായിരുന്നു ഈ ചതി. എന്നാൽ, ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും തങ്ങൾ മറക്കില്ലെന്ന് ഒപിഎം സിനിമാസ് വ്യക്തമാക്കുന്നു.
നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്.





