ചൈനയുടെ മരുഭൂമിയിൽ വൻ സൈനിക സമുച്ചയം

ചൈനയുടെ ഷിൻജിയാങ് മരുഭൂമി മേഖലയിലെ വൻ സൈനിക നിർമാണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അത്യാധുനിക സൈനിക സമുച്ചയങ്ങളുടെ ശൃംഖല ചൈന വികസിപ്പിക്കുകയാണെന്നാണ് സൂചന.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി നഗരത്തിന് സമീപമുള്ള മരുഭൂമി പ്രദേശങ്ങളിൽ 80-ലധികം പുതിയ കേന്ദ്രങ്ങളാണ് നിർമിക്കപ്പെടുന്നത്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് നിയന്ത്രണം, സൈനിക ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ സംവിധാനങ്ങൾ ഇവിടെ സ്ഥാപിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

ഹാമിക്കു സമീപമുള്ള രണ്ട് അഷ്ടഭുജാകൃതിയിലുള്ള പ്രധാന സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഹാമിയിലെ ആണവ മിസൈൽ ശേഖരങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇവയിൽ ഒന്ന് നഗരത്തിൽ നിന്ന് ഏകദേശം 140 കിലോമീറ്ററും മറ്റൊന്ന് 230 കിലോമീറ്ററും അകലെയാണ്.

സമുച്ചയങ്ങളിൽ ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വൻ സൈനിക വാഹനങ്ങൾ, സുരക്ഷാ ബങ്കറുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവിടെ സൈനിക അഭ്യാസങ്ങൾ നടന്നതായും വിലയിരുത്തലുകളുണ്ട്.

ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആണവായുധ ശേഖരം വികസിപ്പിക്കുന്നതിനുമായി ചൈന വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്.

തായ്‌വാനെ ചൊല്ലിയുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളും അമേരിക്ക-ചൈന മത്സരവും പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. “ആദ്യം ആണവായുധം ഉപയോഗിക്കില്ല” എന്ന നയമാണ് ചൈന ഔദ്യോഗികമായി പിന്തുടരുന്നതെങ്കിലും, തായ്‌വാൻ വിഷയത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായാൽ സാഹചര്യം മാറിയേക്കാമെന്ന ആശങ്കകൾ മുമ്പ് ഉയർന്നിരുന്നു.

തായ്‌വാനുമായി ബന്ധപ്പെട്ട തർക്കങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സൈനിക സമുച്ചയങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories