രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ വൻ വർധനവുണ്ടായിരിക്കുന്നത്. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ലെന്നത് മാത്രമാണ് ആശ്വാസം.പുതുക്കിയ വില ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു.
19 കിലോഗ്രാം വാണിജ്യസിലിണ്ടറിന് ഡൽഹിയിൽ 42 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 3113.50 രൂപയായി. അഞ്ച് കിലോഗ്രാം സിലിണ്ടറിന് 11 രൂപയും വർധിപ്പിച്ചു. ഡൽഹിയിൽ വില 821.50 രൂപയും കൊൽക്കത്തയിൽ 19 കിലോ സിലിണ്ടറിന് 50 രൂപയും കൂട്ടി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്.
തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്.പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് പെട്ടെന്നുള്ള ഈ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മെയ് ആദ്യവാരത്തിലും വാണിജ്യ സിലിണ്ടറുകൾക്ക് 900 രൂപയിലേറെ വർധിപ്പിച്ചിരുന്നു.
പൈപ്പ് വഴി പ്രകൃതി വാതകം ലഭിക്കുന്ന പിഎൻജി കണക്ഷനുള്ള വീടുകളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുവാദമില്ല. പിഎൻജി കണക്ഷനുള്ള ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി സിലിണ്ടറും കണക്ഷനും നിർബന്ധമായും സറണ്ടർ ചെയ്യേണ്ടിവരും. പിഎൻജി സൗകര്യമില്ലാത്ത മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറുന്ന സാഹചര്യമുണ്ടായാൽ എൽപിജി കണക്ഷനുകൾ പുനഃസ്ഥാപിച്ചു നൽകും തുടങ്ങിയ നിബന്ധനകൾ ഗ്യാസ് കമ്പനികൾ ഇതിനകം തന്നെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.





