അതിരു കടന്നു പ്രണയം…പാക് യുവാവ് പിടിയിൽ

ഓൺലൈൻ വഴി തുടങ്ങിയ പ്രണയത്തിനൊടുവിൽ കാമുകിയെ നേരിൽ കാണാൻ അതിർത്തി മറികടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ അധിനിവേശ കാശ്മീർ സ്വദേശി പിടിയിൽ.
ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ തേടിയെത്തിയ 22-കാരനായ സീഷാൻ അഹമ്മദ് മീറാണ് ഇന്ത്യൻ അതിർത്തിക്കുള്ളിൽ വെച്ച് സൈന്യത്തിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ ഒൻപതരയോടെ ഉറിയിലെ സിലിക്കോട്ട് മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് അതിർത്തികൾ നിസ്സാരമാക്കിയ ഈ ‘ഓൺലൈൻ പ്രണയകഥ’ പുറത്തുവരുന്നത്. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാന്റെ പക്കൽ നിന്നും പാകിസ്ഥാൻ തിരിച്ചറിയൽ കാർഡും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഉറി സ്വദേശിനിയായ ഇറാം ബാനു എന്ന യുവതിയുമായി താൻ കടുത്ത പ്രണയത്തിലാണെന്നും, അവളെ കാണാൻ വേണ്ടിയാണ് നിയന്ത്രണ രേഖ മറികടന്നതെന്നും യുവാവ് സമ്മതിച്ചിട്ടുണ്ട്. ഓൺലൈൻ വഴി പരിചയപ്പെട്ട ഇരുവരും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ സീഷാനെയും ഇയാൾ കാണാനെത്തിയ യുവതിയെയും സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മൊഴികളിലെ സത്യബോധവും അതോടൊപ്പം ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *