വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ മൊബൈൽ ഫോണും ക്യാമറകളും ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് മുൻപുള്ളതിനേക്കാൾ വലിയ വിലക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. ടെർമിനലിൽ കയറിയത് മുതൽ വിമാനത്തിൽ കയറുന്നത് വരെയുള്ള യാത്രയുടെ ഓരോ ഘട്ടവും റീൽസായും വ്ലോഗായും മാറ്റുന്നവർ ഇനി കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിയമം ലംഘിച്ച് അനുമതിയില്ലാത്ത ഇടങ്ങളിൽ ചിത്രീകരണം നടത്തിയാൽ കനത്ത പിഴയോടൊപ്പം, ക്യാമറയോ ഫോണോ കണ്ടുകെട്ടാനും സാധ്യതയുണ്ട്. ഇതിനെല്ലാം പുറമേ വ്യോമയാന മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ (No-Fly List) ഉൾപ്പെടുത്തി യാത്ര വിലക്കാനും ഈ പുതിയ വ്യവസ്ഥകൾ അധികൃതർക്ക് അധികാരം നൽകുന്നു.
സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലങ്ങൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ, ബോർഡിങ് ഗേറ്റുകൾ, റൺവേ തുടങ്ങിയ സെൻസിറ്റീവ് ആയ മേഖലകളിൽ ചിത്രീകരണം കർശനമായി വിലക്കിയിരിക്കുന്നു. ജമ്മു, ശ്രീനഗർ, അമൃത്സർ പോലെയുള്ള സംയുക്ത സൈനിക-സിവിലിയൻ വിമാനത്താവളങ്ങളിൽ ഈ നിയന്ത്രണം കൂടുതൽ ശക്തമാണ്. എയർപോർട്ടിലെ പൊതുയിടങ്ങളിൽ വെച്ച് മറ്റുള്ളവരുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കാത്ത രീതിയിൽ മാത്രമേ ഇനി ഫോട്ടോകൾ എടുക്കാൻ സാധിക്കൂ. പ്രൊഫഷണൽ രീതിയിലോ വ്ലോഗിങ്ങിനായോ ദൃശ്യങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർ ഡിജിസിഎയുടെയോ എയർപോർട്ട് അതോറിറ്റിയുടെയോ മുൻകൂട്ടിയുള്ള പ്രത്യേക അനുമതി പത്രം ഉറപ്പാക്കേണ്ടതുണ്ട്.





