സമീപകാലത്തായി തമിഴ് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വസ്ത്രധാരണം. പരമ്പരാഗത രാഷ്ട്രീയക്കാരുടെ വെള്ള വസ്ത്രങ്ങളിൽ നിന്നും മുണ്ടുടുക്കൽ ശൈലിയിൽ നിന്നും മാറി, കോട്ടും സ്യൂട്ടുമണിഞ്ഞ് വിജയ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, ആ വിമർശനങ്ങൾക്കെല്ലാം തിരുച്ചിറപ്പള്ളിയിൽ നടന്ന വോട്ടർമാർക്ക് നന്ദി അറിയിക്കുന്ന വൻ പൊതുറാലിയിൽ വെച്ച് മാസ് മറുപടി നൽകിയിരിക്കുകയാണ് ‘ദളപതി’ വിജയ്.താൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും ചേർന്ന സ്യൂട്ട് തിരഞ്ഞെടുത്തതെന്ന് വിജയ് വ്യക്തമാക്കി. ഇതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. “അധികാരക്കസേരകളിൽ ഇരിക്കുന്നവർക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതാണോ കോട്ടും സ്യൂട്ടും? നമ്മളെപ്പോലുള്ളവർക്ക് ഇത് ധരിക്കാൻ പാടില്ലേ?” എന്നും വിജയ് ചോദിക്കുന്നു. “ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്. പൊതുജീവിതത്തിൽ ഞാൻ എന്നും ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്,” എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ, പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. വെള്ള ഷർട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ച് ഔദ്യോഗിക ലുക്കിലാണ് വിജയ് എത്തിയതെങ്കിലും, ഷർട്ടിന്റെ മുകളിലെ ബട്ടൺ ഇടാത്തതിനെച്ചൊല്ലിയാണ് ഒരു വിഭാഗം വിമർശനം ഉയർത്തുന്നത്. ഉള്ളിലെ ബനിയൻ പുറത്തുകാണുന്ന രീതിയിൽ, ഇത്രയും അലസമായാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണേണ്ടത് എന്നതായിരുന്നു വിമർശകരുടെ ചോദ്യം.





