ആൻഡമാൻ കടൽത്തീരത്ത് പുതിയ പ്രകൃതിവാതക നിക്ഷേപം

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ആഗോള ഊർജ്ജ വിതരണത്തിൽ ആശങ്ക ഉയർത്തുന്നതിനിടെ, ആൻഡമാൻ കടൽത്തീരത്ത് പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്.


ഓപ്പൺ ഏക്രേജ് ലൈസൻസിംഗ് പോളിസിക്ക് കീഴിലുള്ള ആൻഡമാൻ ബ്ലോക്കിൽ നടത്തിയ മൂന്നാമത്തെ പര്യവേക്ഷണ കിണറായ വിജയപുരം-3ൽ നിന്നാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെ, 355 മീറ്റർ ആഴമുള്ള കടലിലാണ് ഈ പര്യവേഷണ കിണർ കുഴിച്ചത്. ഇതോടെ ഈ ബ്ലോക്കിൽ കമ്പനി കുഴിച്ച മൂന്ന് പര്യവേക്ഷണ കിണറുകളിൽ രണ്ടെണ്ണത്തിലും ഇന്ധനസാന്നിധ്യം സ്ഥിരീകരിച്ചു.


ഭൂമിക്കടിയിൽ 1900 മീറ്ററിലധികം ആഴത്തിലുള്ള ശിലാപാളികളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രകൃതിവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. വാതകം തുടർച്ചയായി ജ്വലിപ്പിച്ചു നിർത്തിക്കൊണ്ടാണ് സാന്നിധ്യം ഉറപ്പാക്കിയതെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. കിണറ്റിൽ ദ്വാരങ്ങൾ ഇട്ട ഉടൻ തന്നെ വാതക ഉത്പാദനം ആരംഭിക്കുകയും സമ്മർദ്ദം വർദ്ധിക്കുകയും ചെയ്തു. കണ്ടെത്തിയ വാതകത്തിന്റെ ഘടന, കലോറി മൂല്യം, ഉറവിടം എന്നിവ കൃത്യമായി മനസ്സിലാക്കാൻ വാതക സാമ്പിളുകൾ ശേഖരിച്ച് കമ്പനി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
ഈ മേഖലയിൽ ഇന്ധന നിക്ഷേപമുണ്ടെന്നതിന്റെ ശക്തമായ സൂചനയാണിതെന്നും ഭാവിയിലെ പര്യവേക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ 2025 സെപ്റ്റംബറിൽ ഇതേ ബ്ലോക്കിലെ വിജയപുരം-2 കിണറിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർപഠനങ്ങൾ ഓയിൽ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.


ഈ ഭാഗത്തെ ലഭ്യമായ 2D സീസ്മിക് വിവരങ്ങൾ കമ്പനി പുനഃപരിശോധിക്കുകയും കൂടാതെ 600 ചതുരശ്ര കിലോമീറ്റർ പരിധിയിൽ പുതിയ 3D സീസ്മിക് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെ വിശകലനം പൂർത്തിയാകുന്നതോടെ കൂടുതൽ പര്യവേക്ഷണ കിണറുകൾ കുഴിക്കാനാണ് കമ്പനിയുടെ തീരുമാനം. ആൻഡമാൻ കടലിൽ നിലവിൽ നടക്കുന്ന പര്യവേക്ഷണത്തിൽ രണ്ടാമത്തെ തവണയാണ് ഇന്ധനസാന്നിധ്യം കണ്ടെത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories