നാവിനെ കറുപ്പിക്കുന്ന ആ പഴയ നാട്ടുരുചിക്ക് ഇപ്പോൾ പൊന്നുംവില; വിപണിയിൽ തരംഗമായി ഞാവൽ പഴം

പക്ഷികളുടെ വിരുന്നുകാരനിൽ നിന്ന് വിപണിയിലെ താരം; ഞാവൽ പഴത്തിന് വൻ ഡിമാൻഡ്
ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ആർക്കും വേണ്ടാതെ, വീട്ടുപറമ്പുകളിൽ വീണുടഞ്ഞ് പക്ഷികൾക്ക് മാത്രം വിരുന്നായി മാറിയിരുന്ന ഞാവൽ പഴങ്ങൾ (Jamun Fruit) ഇന്ന് വിപണിയിലെ താരമായി മാറിയിരിക്കുകയാണ്. നാവു കറുക്കും വരെ കൊതിയോടെ കഴിച്ചിരുന്ന ആ പഴയ മധുര സ്മരണകൾ മലയാളി അത്രപെട്ടെന്നൊന്നും മറന്നിട്ടില്ല. കേരളത്തിൽ ഇന്ന് നാടൻ ഞാവൽ മരങ്ങൾ അപൂർവമായി മാറിയതോടെ, തമിഴ്‌നാട്ടിലെ തിരുനെൽവേലി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമാണ് ഇപ്പോൾ കേരളത്തിലേക്ക് പ്രധാനമായും ഞാവൽ പഴങ്ങൾ ഒഴുകിയെത്തുന്നത്.

ഇന്ന് വഴിയോരങ്ങളിൽ സജീവമായ ഈ കടും പർപ്പിൾ സുന്ദരന്മാർക്ക് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. എന്നാൽ ഈ നാട്ടുരുചി നുണയണമെങ്കിൽ കീശ അൽപം ചോരും; കിലോയ്ക്ക് 400 രൂപ വരെയാണ് നിലവിലെ വില. മീന-മേട മാസങ്ങളിൽ പൂത്തുലയുന്ന ഞാവൽ മരങ്ങളിൽ നിന്ന് കായകൾ കേടുപാടുകൾ കൂടാതെ വലിയ വലകൾ വിരിച്ചാണ് കർഷകർ ശേഖരിക്കുന്നത്. പഴത്തിന് മാത്രമല്ല, പ്രമേഹമടക്കമുള്ള അസുഖങ്ങൾക്ക് ഉത്തമമായ ഇതിന്റെ കുരുവിനും മികച്ച ഔഷധഗുണമുള്ളതിനാൽ വില എത്രയായാലും വാങ്ങാൻ ആളുകൾ തിക്കും തിരക്കും കൂട്ടുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ദിവസേന ദീർഘദൂര ബസുകളിലും പിക്കപ്പ് വാനുകളിലുമായി എത്തുന്ന ഈ പഴങ്ങൾ വിറ്റ് വഴിയോര കച്ചവടക്കാർ പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ ബിസിനസ്സാണ് കേരളത്തിൽ നടത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories