‘അമ്മ’യില്‍ വീണ്ടും പൊട്ടിത്തെറി; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അന്‍സിബ!

മലയാള സിനിമയെയും താരസംഘടനയായ ‘അമ്മ’യെയും വീണ്ടും ഉലച്ചുകൊണ്ട് നടി അന്‍സിബ ഹസന്‍ രംഗത്ത്. നടന്‍ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി തനിക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കുടുംബത്തെപ്പോലും നീചമായ രീതിയില്‍ അധിക്ഷേപിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തി.
കേസിൽ കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴി നൽകിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിലും കേരള സര്‍ക്കാര്‍ നീതിക്കൊപ്പമേ നില്‍ക്കൂ എന്ന പ്രത്യാശയും അന്‍സിബ പങ്കുവെച്ചു.ടിനി ടോം തനിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് അന്‍സിബ ആരോപിക്കുന്നു.
ടിനിയുടെ ഡ്രൈവര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സ്വന്തം മകന്‍ എന്നിവരെയൊക്കെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം. ഒപ്പം വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും തനിക്കെതിരെ പറഞ്ഞെന്നും അന്‍സിബ ആരോപിക്കുന്നു.

തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഉണ്ടായ പോലീസിന്റെ സമീപനത്തിനെതിരെയും അന്‍സിബ ശക്തമായി പ്രതികരിച്ചു.എന്നാല്‍, നടി ലക്ഷ്മിപ്രിയ നല്‍കിയ തികച്ചും നിസ്സാരമായ ഒരു വ്യാജപരാതിയുടെ പേരില്‍ തൃപ്പൂണിത്തുറ വനിതാ പോലീസ് സെല്‍ തനിക്കെതിരെ അതിവേഗം നടപടിയെടുത്തുവെന്ന് അന്‍സിബ ചൂണ്ടിക്കാട്ടി. ലക്ഷ്മിപ്രിയയും ഭര്‍ത്താവും വനിതാ സബ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ മാനസികമായി പീഡിപ്പിച്ചതായും അന്‍സിബ വെളിപ്പെടുത്തി. ഇത്രയും വലിയൊരു പരാതിയുമായി ചെല്ലുമ്പോള്‍ അത് വെറുമൊരു അപകീര്‍ത്തിപ്പെടുത്തല്‍ കേസ് മാത്രമായി ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നതിലെ ന്യായമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ടിനി ടോം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടി നീനാ കുറുപ്പ് നേരിട്ട് കേട്ടിട്ടുള്ളതാണെന്ന് അന്‍സിബ വ്യക്തമാക്കി. നീനച്ചേച്ചിയോട് ടിനി ടോം വളരെ മോശമായ രീതിയില്‍ അസഭ്യം പറയുകയുണ്ടായി. ഇതിനെതിരെ നീനച്ചേച്ചി ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കിയിട്ടും ആരോപണവിധേയനായ ടിനി ടോം ഇപ്പോഴും സംഘടനയുടെ നിര്‍വാഹക സമിതിയില്‍ തുടരുകയാണ്. തന്നെപ്പോലെ തന്നെ നീനച്ചേച്ചിയും ഇതിനിരയായിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.സിനിമാ ലോകത്തെ ഈ പുതിയ വിവാദം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories