പുതിയ ചിത്രത്തിന്റെ പ്രീമിയറിനായി ക്രിസ്റ്റഫർ നോളൻ മുംബൈയിലേക്ക്; ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു

ഹോളിവുഡ് സിനിമാപ്രേമികൾക്ക് ആവേശ വാർത്തയുമായി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഇന്ത്യയിലേക്ക്.  ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’യുടെ ആഗോള പ്രീമിയർ ഷോയുടെ ഭാഗമായാണ് നോളൻ അടുത്ത മാസം മുംബൈയിലെത്തുന്നത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നീ ലോക നഗരങ്ങൾക്കൊപ്പം മുംബൈയെയും ഈ ഗ്ലോബൽ ടൂറിന്റെ ഭാഗമായി യൂണിവേഴ്സൽ പിക്ചേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു നോളൻ ചിത്രത്തിന്റെ പ്രീമിയർ ഷോ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരും മുംബൈയിലെ ചടങ്ങിൽ പങ്കാളികളാകും.
ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഐമാക്സ് (IMAX) കാമറകളിൽ മാത്രം ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം കൂടിയാണ്. ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ, സെൻഡയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 17-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ മുംബൈയിലെ പ്രീമിയർ ടിക്കറ്റുകൾക്ക് 3,300 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ ഈ റെക്കോർഡ് നിരക്കിലും ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു എന്നത് ക്രിസ്റ്റഫർ നോളൻ ചിത്രങ്ങൾക്ക് ഇന്ത്യൻ പ്രേക്ഷകർക്കിടയിലുള്ള വൻ സ്വീകാര്യതയാണ് വീണ്ടും തെളിയിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *