വണ്ടിയോടിക്കുന്നവരുടെ ആഡംബരത്തേക്കാൾ പ്രാധാന്യം കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കാണ് എന്ന് അടിവരയിടുന്ന ചരിത്രപ്രധാനമായ ഒരു വിധിയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.
സുരക്ഷിതമായ നടപ്പാതകളിലൂടെ ( സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു.
റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കാണെന്നാണ് കോടതിയുടെ കർശന നിരീക്ഷണം.
സ്കൂളിലേക്ക് നടന്നുപോയ അഞ്ചു വയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച ദാരുണമായ ഒരു അപകടക്കേസ് പരിഗണിക്കവെയാണ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തെ റോഡ് വികസന സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോന്ന ഈ വിധി പുറപ്പെടുവിച്ചത്.
അപകടം നടന്ന റോഡിൽ നടപ്പാതയോ സീബ്രാ ക്രോസിംഗോ ഇല്ലായിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d) നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം, ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നിവയുടെ പരിധിയിൽ വരുന്നതാണ് ‘നടക്കാനുള്ള അവകാശം’ എന്ന് കോടതി വ്യക്തമാക്കുന്നു. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം (19(1)(a)), ഒരുമിച്ചുകൂടാനുള്ള അവകാശം (19(1)(b)) എന്നിവയുമായും ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും സാമൂഹിക പരിഷ്കരണങ്ങളും രൂപപ്പെട്ടത് പദയാത്രകളിലൂടെയും നടത്തത്തിലൂടെയുമാണെന്ന മനോഹരമായ ചരിത്ര ഓർമ്മപ്പെടുത്തലും കോടതി നടത്തി.
ഒരു സ്ഥലത്ത് റോഡുണ്ടെങ്കിൽ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് നഗരവികസന അതോറിറ്റികൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവരുടെ നിയമപരമായ കടമയാണ്. ഇതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ഭരണഘടനാപരമായും സിവിൽ നിയമപ്രകാരവും നഷ്ടപരിഹാരത്തിനും പുനഃസ്ഥാപനത്തിന പൗരന്മാർക്ക് കോടതിയെ സമീപിക്കാം.
ഇത് മോട്ടോർ വാഹന നിയമപ്രകാരമുള്ള ക്ലെയിമുകൾക്ക് പുറമെയായിരിക്കും.
ചക്രങ്ങൾ നമ്മുടെ ഭാവനയെ കീഴടക്കിയപ്പോൾ കോർപ്പറേഷനുകളും നഗരസഭകളും വണ്ടിക്കാർക്ക് വേണ്ടി മാത്രമായി റോഡുകൾ നിർമ്മിക്കാൻ തുടങ്ങി. ഇത് മാറണം. നടപ്പാതകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്നും ഇതിനായി ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര മന്ത്രാലയങ്ങളോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വികസനമെന്നാൽ വണ്ടികൾക്ക് പായാനുള്ള റോഡുകൾ മാത്രമല്ല, സാധാരണക്കാരന് പേടിയില്ലാതെ നടക്കാനുള്ള സൗകര്യം കൂടിയാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു.





