ഇന്ത്യയിൽ വാനോളം ഹൈപ്പുമായെത്തിയ ‘ഒഡിസി’ എന്ന ചിത്രം കണ്ടവർ കാണാതെ പോയ ചിലതുണ്ട്,നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ‘ദൃശ്യവിസ്മയത്തിന്റെ’ യഥാർത്ഥ ചിത്രം.
ഓപ്പൺഹൈമർ, ഇന്റർസ്റ്റെല്ലാർ,ഡൻക്രിക്,ടെനറ്റ് തുടങ്ങിയ സിനിമകളിൽ ഐമാക്സ് ക്യാമറകൾ ഭാഗികമായി ഉപയോഗിച്ച നോളൻ, സിനിമാചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും 70 എംഎം ഐമാക്സ് ഫിലിം ക്യാമറയിൽ ചിത്രീകരിച്ച ചിത്രമാണ് ഒഡിസി.
സിനിമയിലെ ‘ഗോൾഡൻ സ്റ്റാൻഡേർഡ്’ എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്.
അനലോഗ് ഫിലിമിനെ പ്രേമിക്കുന്ന നോളൻ പ്രകൃതി ദൃശ്യങ്ങൾക്ക് കൂടുതൽ യാഥാർത്ഥ്യബോധം നൽകാനാണ് ഈ
സാങ്കേതികവിദ്യ ഉപയോഗിച്ചത്.ആക്ഷൻ രംഗങ്ങൾക്ക് അതിവിശാലത നൽകാനും വെളിച്ചത്തിന്റെയും നിഴലിന്റെയും സ്വാഭാവിക തനിമ നിലനിർത്താനും ഈ ഐമാക്സ് ഫിലിമുകൾക്ക് സാധിക്കുന്നു.എന്നാൽ ഫിലിമുകൾ ചിത്രീകരിക്കാൻ ഇത്തരം ഐമാക്സ് അനുയോജ്യമാണോ?
സാധാരണ 35 എംഎം ആണ് ഫിലിം ഫ്രയിമിന്റെ അടിസ്ഥാന വലിപ്പം.ഇത് ഐ മാക്സിനേക്കാൾ
പതിൻമടങ്ങ് ചെറുതാണ്. 70 എംഎം ഫ്രയിമിലൂടെ ലഭിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതും വിശദാംശങ്ങൾ നിറഞ്ഞതുമായ ദൃശ്യാനുഭവമാണ്.
ഐമാക്സ് ഫിലിം പ്രൊജക്ട് ചെയ്യാൻ പ്രത്യേകതരം പ്രൊജക്ടറുകളും ഭീമാകാരമായ ഫിലിം റീലുകളും വേണം.ഇത് ചിലവേറിയതായതിനാൽ ലോകത്തിലാകെ വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.
ഇന്ത്യയിൽ ഇത്തരം ഫ്രയിമുകൾ
അപര്യാപ്തമായതിനാൽ സാധാരണ ഡിജിറ്റൽ ഫ്രയിമിലേക്ക് മാറ്റിയ പതിപ്പാണ് കാണാൻ സാധിക്കുക.അതുകൊണ്ടു തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ ‘ഒഡീസി’ കാണുമ്പോൾ, അണിയറപ്രവർത്തകർ ചിത്രീകരിച്ച ഫ്രെയിമിന്റെ മുകളിലും താഴെയുമുള്ള ഒരു വലിയ ഭാഗം നമുക്ക് നഷ്ടപ്പെടുന്നുണ്ട്.അതിനാൽ നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ആ യഥാർത്ഥ ദൃശ്യാവിഷ്കാരം മുഴുവനായി
കാണണമെങ്കിൽ ലോകത്തിലെ ആ 41 തിയേറ്ററുകളിൽ ഒന്നിൽ തന്നെ പോകേണ്ടിവരും.





