സാമൂഹികമാധ്യമങ്ങളിൽ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പൊലീസ് സേനയായി കേരള പൊലീസ്. ന്യൂയോർക്ക് പൊലീസിനെ മറികടന്നാണ് കേരള പൊലീസ് ഒന്നാമതെത്തിയത്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും 23 ലക്ഷം വീതം ഫോളോവേഴ്‌സാണ് കേരള പൊലീസിനുള്ളത്.
ഇതിന് പിന്നാലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും സോഷ്യൽ മീഡിയയിൽ താരങ്ങളാകുകയാണ്. ആഘോഷങ്ങൾ, പൊലീസ് പരിപാടികൾ, ബോധവത്കരണ വീഡിയോകൾ, വ്യക്തിപരമായ അനുഭവങ്ങൾ തുടങ്ങിയവ പങ്കുവെക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയെ ഇൻസ്റ്റഗ്രാമിൽ 1.15 ലക്ഷം പേരും എ.ഡി.ജി.പി. പി. വിജയനെ 24,400 പേരും പിന്തുടരുന്നു.
ഡി.ജി.പി. മനോജ് എബ്രഹാമിന് ഫെയ്‌സ്ബുക്കിൽ 93,000-ത്തോളം ഫോളോവേഴ്‌സുണ്ട്. ജയിൽ ഡി.ജി.പി. എസ്. ശ്രീജിത്ത്, കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് തുടങ്ങിയവരും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. കണ്ണൂർ ജില്ലാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനും 46,500 ഫോളോവേഴ്‌സുണ്ട്. പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾക്കൊപ്പം സൗഹൃദപരമായ ഉള്ളടക്കങ്ങളും പങ്കുവെക്കുന്നതാണ് ഈ അക്കൗണ്ടുകളുടെ ജനപ്രീതി വർധിപ്പിക്കുന്നത്.





