പൊന്നാനിയെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിക്കുന്ന ഹൗറ മോഡൽ സസ്പെൻഷൻ പാലത്തിന്റെ നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ കപ്പൽനിർമാണശാല പദ്ധതിയുടെ പേരിൽ തടഞ്ഞതായി ആരോപണം. പാലം നിർമാണത്തിന് കപ്പൽനിർമാണശാലയുടെ അലൈൻമെന്റ് തടസ്സമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഭൂമിയേറ്റെടുക്കൽ താൽക്കാലികമായി നിർത്തിവെക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലാൻഡ് അക്വിസിഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടത്. പാലത്തിന്റെ അലൈൻമെന്റ് മാറ്റണമെന്ന നിർദേശവും ഇതിനിടെ ഉയർന്നിട്ടുണ്ട്.
പദ്ധതിക്കായി പൊന്നാനി–പടിഞ്ഞാറേക്കര മേഖലയിൽ 214 കുടുംബങ്ങളാണ് ഭൂമിയും കെട്ടിടങ്ങളും വിട്ടുനൽകാൻ തയ്യാറായിരുന്നത്. നഷ്ടപരിഹാര നടപടികൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ഭൂമിയേറ്റെടുക്കൽ നിർത്തിവെച്ചത്. ജനുവരി 22-ന് അവസാനഘട്ട ഹിയറിങ്ങിൽ രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരം കൈമാറാനായിരുന്നു തീരുമാനം. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കായി കിഫ്ബി 38 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. കോടതിപ്പടി മുതൽ ആശുപത്രിപ്പടി വരെയുള്ള ഭാഗത്ത് 13 കുടുംബങ്ങൾ ഭൂമിയും വീടും വിട്ടുനൽകാനിരുന്നതാണ്.
ഇരുപദ്ധതികളും നിലവിൽ സ്തംഭനാവസ്ഥയിലായതോടെ ഭൂമി വിട്ടുനൽകാൻ തയ്യാറായ കുടുംബങ്ങളും പ്രതിസന്ധിയിലായി. ഭൂമിയേറ്റെടുക്കൽ നടപടികൾ നിർത്തിയെങ്കിലും സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണെന്ന് കുടുംബങ്ങൾ പറയുന്നു. നടപ്പാക്കുമെന്ന് ഉറപ്പില്ലാത്ത കപ്പൽനിർമാണശാല പദ്ധതിക്കായി ജനോപകാരപ്രദമായ പാലം പദ്ധതി തടഞ്ഞുവെന്ന ആരോപണത്തിലാണ് ഭൂവുടമകൾ.






