പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ജോലി ചെയ്യാം; സൂര്യനെല്ലിയിൽ ‘വർക്കേഷൻ’ ഒരുക്കി കെ.എഫ്.ഡി.സി.

ഓഫീസ് മുറികളിലെ പതിവ് ജോലിസാഹചര്യങ്ങളിൽനിന്ന് മാറി പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.). സൂര്യനെല്ലി ഇക്കോ ടൂറിസം സെന്ററിലാണ് ‘വർക്കേഷൻ’ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. മാനസിക സമ്മർദം കുറച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക.

താമസത്തിനായി മൂന്ന് സ്റ്റോൺ കോട്ടേജുകളും വ്യക്തിഗത ജോലികൾക്കും മീറ്റിങ്ങുകൾക്കുമായി പ്രത്യേക ഇടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം പാർട്ടി സ്‌പേസായും മാറ്റാവുന്ന ‘ഗോൾഗർ’ ഇതിന്റെ പ്രത്യേകതയാണ്. തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനും ഓൺലൈൻ മീറ്റിങ്ങുകൾ നടത്തുന്നതിനുമായി 24 മണിക്കൂറും ഹൈസ്പീഡ് വൈഫൈ സൗകര്യവും ലഭ്യമാണ്.

വിദേശ കമ്പനികളുടെ ഷിഫ്റ്റുകളിൽ രാത്രി ജോലി ചെയ്യുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. രാത്രി ചായയും ലഘുഭക്ഷണവും ലഭ്യമാക്കാൻ വാച്ചർമാരുടെ സേവനവും തണുപ്പുള്ള കാലാവസ്ഥയിൽ ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ചേർന്നുനിന്ന് ജോലിയും വിശ്രമവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഈ വർക്കേഷൻ പദ്ധതിയിലൂടെ കെ.എഫ്.ഡി.സി. ലക്ഷ്യമിടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *