ഐപിഎൽ ഫ്രാഞ്ചൈസികളുടെ മൂല്യനിർണയത്തിൽ ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ്. സ്പോർട്ടിക്കോ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 2.1 ബില്യൺ ഡോളറാണ് ടീമിന്റെ നിലവിലെ മൂല്യം. ഇന്ത്യൻ രൂപയിൽ ഏകദേശം 20,008.8 കോടി രൂപ വരുമിത്. ഐപിഎല്ലിലെ എല്ലാ ഫ്രാഞ്ചൈസികളുടെയും മൂല്യം 1.5 ബില്യൺ ഡോളറിന് മുകളിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വടക്കേ അമേരിക്കയിലെ പ്രമുഖ കായിക ടീമുകളായ ഡിട്രോയിറ്റ് ടൈഗേഴ്‌സ്, വാൻകൂവർ കനക്‌സ് എന്നിവയേക്കാൾ ഉയർന്ന മൂല്യമാണ് മുംബൈ ഇന്ത്യൻസിന് കണക്കാക്കിയിരിക്കുന്നത്. ഐപിഎൽ ഫ്രാഞ്ചൈസികളുടെ വർധിച്ചുവരുന്ന സാമ്പത്തിക സ്വാധീനമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
മൂല്യനിർണയത്തിൽ രണ്ടാം സ്ഥാനത്തുള്ളത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 1.85 ബില്യൺ ഡോളറാണ് ആർസിബിയുടെ മൂല്യം. 1.75 ബില്യൺ ഡോളർ മൂല്യവുമായി ചെന്നൈ സൂപ്പർ കിങ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. ഏകദേശം 17,626.8 കോടി രൂപയാണ് ആർസിബിയുടെയും 16,674 കോടി രൂപയാണ് സിഎസ്‌കെയുടെയും മൂല്യം.






