ജാതി വേർതിരിവ് ശ്മശാനങ്ങളിലുമോ? തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

സ്കൂളുകൾ എല്ലാ സമുദായങ്ങൾക്കും ഒരുപോലെയായിരിക്കെ ശ്മശാനങ്ങൾ മാത്രം എന്തുകൊണ്ട് വ്യത്യസ്തമാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ വേർതിരിക്കപ്പെടുന്നുണ്ടോയെന്നും തമിഴ്നാട്ടിലെ ശ്മശാനങ്ങൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നവയല്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വേൽമുരുകനും രാമകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചാണ് സർക്കാരിനോട് വിശദീകരണം തേടിയത്.

മൃതശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് സ്വകാര്യ ഭൂവുടമകൾ തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് തിരുനെൽവേലി കീലാരിയകുളം സ്വദേശി ചെല്ലപ്പ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. തന്റെ ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലൂടെയാണ് മൃതദേഹങ്ങൾ കൊണ്ടുപോകേണ്ടിവരുന്നതെന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ കൃഷിവിളകൾ നശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾ മൃതദേഹം ഇതുവഴി കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് ചെല്ലപ്പയുടെ പരാതി. ഇതോടെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് നേരിടുന്ന പ്രതിസന്ധിയും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തമിഴ്നാട് സർക്കാർ വിശദമായ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *