തമിഴ് സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഡിസംബർ 11ന് ആഗോളതലത്തിൽ ചിത്രം റീ റിലീസ് ചെയ്യുമെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
1993ൽ പുറത്തിറങ്ങിയ ചിത്രം എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അർജുൻ നായകനായെത്തിയ സിനിമ മികച്ച ആക്ഷൻ രംഗങ്ങളും പ്രണയവും സാമൂഹിക പ്രമേയവും കൊണ്ട് അക്കാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയം നേടി. എ.ആർ. റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
പഴയ തലമുറയ്ക്കും പുതിയ പ്രേക്ഷകർക്കും ഒരുപോലെ ആവേശം പകരുന്നതാണ് റീ റിലീസ്. 4K അൾട്രാ എച്ച്ഡി ദൃശ്യനിലവാരത്തിലും 7.1 സറൗണ്ട് സൗണ്ട് സംവിധാനത്തിലുമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.






