12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണവശേഷിയുള്ള സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളെ വിയറ്റ്നാമിൽ വീണ്ടും വിന്യസിച്ച് റഷ്യ. രണ്ട് ടി.യു-95 ബോംബർ വിമാനങ്ങളും അവയ്ക്ക് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള രണ്ട് ഐൽ-78 ടാങ്കർ വിമാനങ്ങളുമാണ് മധ്യ വിയറ്റ്നാമിലെ ദാ നാങ് വിമാനത്താവളത്തിലെത്തിയത്. റഷ്യയുടെ ഫാർ ഈസ്റ്റിൽ നിന്ന് പറന്നെത്തിയ ഈ വിമാനവിന്യാസം ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ചൈനയ്ക്കും നൽകുന്ന തന്ത്രപരമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
ആണവശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ കഴിയുന്ന ടി.യു-95 വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെ സഹായത്തോടെ പസഫിക്കിലെ പ്രധാന അമേരിക്കൻ സൈനിക താവളമായ ഗുവാം വരെ എത്താനാകും. 2014-ലാണ് റഷ്യൻ സ്ട്രാറ്റജിക് വിമാനങ്ങൾ അവസാനമായി വിയറ്റ്നാമിലെത്തിയത്. അന്ന് കാം റാൺ ബേ നാവിക താവളവും ദാ നാങ് വിമാനത്താവളവും ഉപയോഗിക്കാൻ വിയറ്റ്നാം അനുമതി നൽകിയിരുന്നെങ്കിലും അമേരിക്കയുടെ എതിർപ്പിനെത്തുടർന്ന് നീക്കം തടസ്സപ്പെട്ടു.
യുക്രൈൻ യുദ്ധം തുടരുന്നതിനിടയിലും ഇന്തോ-പസഫിക് മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് റഷ്യയുടെ ശ്രമം. ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളും ചൈനയുടെ വർധിച്ചുവരുന്ന സൈനിക സ്വാധീനവും കണക്കിലെടുത്ത് റഷ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ വിയറ്റ്നാമും താൽപര്യപ്പെടുന്നു. റഷ്യയും ചൈനയും തമ്മിലുള്ള അടുപ്പത്തിനിടയിലും സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് വിയറ്റ്നാമിന്റെ ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.






