എം.ജി. സർവകലാശാല പോർട്ടൽ ഹാക്ക് ചെയ്തതിന് തെളിവില്ല

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റേണൽ മാർക്ക് രേഖപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക പോർട്ടൽ ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് രജിസ്‌ട്രാർ. നാലുവർഷ ഓണേഴ്സ് ബിരുദ വിദ്യാർഥികളുടെ സി.സി.എ. മാർക്ക് രേഖപ്പെടുത്തുന്ന പോർട്ടലിൽ ഹാക്കിങ് നടന്നെന്ന കെ.പി.സി.ടി.എ.യുടെയും സിൻഡിക്കേറ്റിന്റെയും ആരോപണത്തിലാണ് സർവകലാശാല വിശദീകരണം നൽകിയത്.

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എ. നിശാന്ത് വൈസ് ചാൻസലർക്ക് നൽകിയ കത്തിന് മറുപടിയായാണ് വിശദീകരണം. സംഘടന തയ്യാറാക്കിയ സി.സി.എ. ഫോം ജനറേറ്റർ വഴി ഔദ്യോഗിക പോർട്ടലിലെ വിവരങ്ങൾ ഹാക്ക് ചെയ്തെന്നായിരുന്നു ആരോപണം. എന്നാൽ, രണ്ട് സംവിധാനങ്ങളും വ്യത്യസ്തമാണെന്നും ഫോം ജനറേറ്റർ മാർക്ക് കണക്കാക്കാനുള്ള സഹായക സംവിധാനം മാത്രമാണെന്നും സർവകലാശാല വ്യക്തമാക്കി.

ഔദ്യോഗിക പോർട്ടലിൽ അനധികൃത പ്രവേശനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായതായി സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്നും കൂടുതൽ സാങ്കേതിക പരിശോധനകൾ ആവശ്യമാണെന്നും രജിസ്‌ട്രാർ അറിയിച്ചു. സംഘടനയുടെ പേര് അനാവശ്യമായി ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സെക്രട്ടറി പ്രൊഫ. ഡോ. ജേക്കബ് എബ്രഹാം വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *