കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നാണ് സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ വിചാരണയും വിധിയും അടക്കമുള്ള നിരവധി ഘട്ടങ്ങൾ പിന്നിട്ടിട്ടുണ്ടെങ്കിലും, ഇന്നും ഉത്തരമില്ലാതെ തുടരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവം.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ആരോപണം ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ തൃപ്തികരമായ അന്വേഷണവും വ്യക്തമായ ഉത്തരവാദിത്ത നിർണയവും ഉണ്ടായിട്ടില്ലെന്നാണ് അതിജീവിതയുടെ നിലപാട്.
ഇതിന്റെ പശ്ചാത്തലത്തിൽ മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നതിനായി പൊതുജനങ്ങളുടെ പിന്തുണയും സാമ്പത്തിക സഹായവും അഭ്യർത്ഥിച്ച് അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റും രംഗത്തെത്തിയിട്ടുണ്ട്. കോടതിയിൽ ഈ ഹർജി പരിഗണിക്കാനിരിക്കെ, മെമ്മറി കാർഡ് ചോർച്ചയുടെ ദുരൂഹത വീണ്ടും പൊതുചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുകയാണ്.





