മാംസത്തിലെ മായം കണ്ടെത്താൻ ഡിഎൻഎ പിസിആർ ടെസ്റ്റ്; പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം

ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഇന്ന് പലവിധ ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പുതിയതും കൃത്യതയേറിയതുമായ ഒരു സാങ്കേതികവിദ്യയാണ് ‘ഡിഎൻഎ പിസിആർ’ (DNA PCR) പരിശോധന. ഇന്ത്യയിൽ നിന്നും വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന പോത്തിറച്ചിയിൽ മറ്റ് മാംസങ്ങൾ കലരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ ഇപ്പോൾ ഈ പരിശോധനാ രീതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കാഴ്ചയിൽ തിരിച്ചറിയാൻ പറ്റാത്ത വിധം ചെറുതായി അരിഞ്ഞതോ പാകം ചെയ്തതോ ആയ മാംസത്തിൽ പോലും ഏത് മൃഗത്തിന്റെ ജനിതക ഘടനയാണ് അടങ്ങിയിരിക്കുന്നതെന്ന് ഈ ടെസ്റ്റിലൂടെ കൃത്യമായി കണ്ടെത്താനാകും. മനുഷ്യരെപ്പോലെ തന്നെ ഓരോ ജീവിക്കുമുണ്ട് തനതായ ഡിഎൻഎ (DNA) ഘടന. മൃഗങ്ങളുടെ മാംസത്തിൽ നിന്ന് ഈ ഡിഎൻഎ വേർതിരിച്ചെടുത്ത്, ‘പോളിമറേസ് ചെയിൻ റിയാക്ഷൻ’ (PCR) എന്ന ലബോറട്ടറി സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ഉണ്ടാക്കി പരിശോധിക്കുന്നതാണ് ഈ രീതി. കടുത്ത ചൂടിൽ വേവിച്ചെടുത്ത ഇറച്ചിയാണെങ്കിൽ പോലും അതിലെ ജനിതക വിവരങ്ങൾ നശിക്കാതെ അവശേഷിക്കും എന്നതാണ് പിസിആർ ടെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇതിൽ യാതൊരുവിധ കൃത്രിമത്വവും കാണിക്കാൻ സാധിക്കില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല വിദേശ രാജ്യങ്ങളിലും പശുവിറച്ചി നിരോധനം ഉള്ളതുകൊണ്ടും, ഗുണനിലവാരം ഉറപ്പാക്കേണ്ടതുകൊണ്ടും കയറ്റുമതി ചെയ്യുന്ന മാംസം പൂർണ്ണമായും പോത്തിറച്ചി തന്നെയാണെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള അന്താരാഷ്ട്ര ഐഎസ്ഒ (ISO) മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ മാത്രം പ്രത്യേകം തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇന്ത്യ സ്വന്തമായി ഒരു ദേശീയ സുരക്ഷാ മാനദണ്ഡം ഇതിനായി രൂപീകരിക്കുന്നത്. ഈ പുതിയ പരിശോധനാ രീതി വരുന്നതോടെ ഇന്ത്യൻ മാംസ കയറ്റുമതി മേഖലയിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ധന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിന് പകരമായി 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർക്കുന്നത്.നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തുന്നത്. എന്നാൽ പൂർണ്ണമായും എഥനോളിൽ ഓടുന്ന ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായ്, ഹീറോ, ടിവിഎസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പമ്പുകളുടെ കുറവും വിലയിലെ വ്യക്തതയില്ലായ്മയും കാരണം ഇത്തരം വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികൾ മടിക്കുന്നു. സാമ്പത്തികമായി വലിയ നേട്ടമാണ് ഈ മാറ്റത്തിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി ചിലവിടുന്ന ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയുന്നതിനൊപ്പം എഥനോൾ ഉത്പാദനത്തിലൂടെ എട്ട് കോടിയോളം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.വെല്ലുവിളികളും ഈ മേഖലയിലുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനം എങ്കിലും കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാക്കണമെന്ന് വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. കൂടാതെ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന ആവശ്യവും ശക്തമാണ്. ഐഒസി നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്റ്റുകളിൽ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ ഇന്ധന നയത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണോ ?കെഎസ്ആർടിസി മാന്വലിൽ പറയുന്നതിങ്ങനെ..

കോഴിക്കോട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ട ഒരു യുവതി, ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ യുവതി പ്രതികരിച്ചത് ഇങ്ങനെ..” അടിയന്തിരമായി ബാത്ത്റൂമിൽ പോകേണ്ട അവസ്ഥയായിരുന്നു. കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്ന ഞാൻ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെയാണ് അങ്ങനെ പെരുപ്പിച്ചുപോയത്. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല, സംഭവത്തിൽ മാപ്പ് ചോദിക്കുന്നു.” ഈ സംഭവത്തെത്തുടർന്ന് 28,000 രൂപ യുവതി അന്നുതന്നെ ഫൈൻ ആയി അടച്ച് വിഷയം ഔദ്യോഗികമായി പരിഹരിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ യുവതിക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും ഉണ്ടായി. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ ബസ് നിർത്തിക്കൊടുക്കാൻ നിയമമുണ്ടെന്ന വാദവുമായി ചിലർ യുവതിയെ അനുകൂലിച്ചും രംഗത്തെത്തി.ഇതോടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറിയാൽ പറയുന്ന സ്ഥലത്ത് സ്റ്റോപ്പ് ആവശ്യപ്പെടാൻ യാത്രക്കാർക്ക് അവകാശമുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയർന്നത്. ഇതിനുള്ള കൃത്യമായ മറുപടി കെ.എസ്.ആർ.ടി.സി മാന്വലിൽ തന്നെയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആർ.ടി.ഒ, പോലീസ് തുടങ്ങിയവർ യാത്രക്കാരുടെ സുരക്ഷയും റോഡ് സൗകര്യങ്ങളും മുൻനിർത്തിയാണ് സാധാരണയായി ബസ് സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത്. എന്നാൽ പൊതുജനങ്ങളുടെ ആവശ്യപ്രകാരം കെ.എസ്.ആർ.ടി.സി പ്രത്യേക സ്റ്റോപ്പുകളും അനുവദിക്കാറുണ്ട്. സാധാരണഗതിയിൽ ഈ നിശ്ചിത സ്റ്റോപ്പുകളിലാണ് ബസുകൾ നിർത്തേണ്ടത്.എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും ബസ് നിർത്തിക്കൊടുക്കണമെന്ന് മാന്വലിൽ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിർദ്ദേശങ്ങളും സർക്കുലറിലുണ്ട്.രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തും ബസ് നിർത്തിക്കൊടുക്കണം.അവരെ ഇറക്കിവിടുന്ന സ്ഥലം അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം.ഇറങ്ങുന്നതിന് മുൻപ് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യപ്പെടുന്നപക്ഷം, മുൻകൂട്ടി വീട്ടുകാരുമായോ ബന്ധുക്കളുമായോ ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യം ബസ് ജീവനക്കാർ ചെയ്തു കൊടുക്കണം.രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷിതമായി യാത്ര ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിലാകണം കണ്ടക്ടറുടെ പെരുമാറ്റം.കൂടാതെപോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവയുടെ മുൻപിൽ കൃത്യമായ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും, ട്രാഫിക് തടസ്സം ഉണ്ടാകാത്ത രീതിയിൽ യാത്രാക്കാർ ആവശ്യപ്പെട്ടാൽ ബസ് നിർത്തിക്കൊടുക്കണം. റിക്വസ്റ്റ് സ്റ്റോപ്പുകളിൽ യാത്രക്കാർ കയറാൻ നിൽക്കുന്നത് കണ്ടാൽ അവർക്കായി ബസ് നിർത്തണം.റെയിൽവേ സ്റ്റേഷനുകൾ, സിനിമ തിയേറ്ററുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, മറ്റ് ബസ് സർവീസുകളെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാത്രക്കാരെ കയറ്റാൻ കണ്ടക്ടർമാരും ഡ്രൈവർമാരും പ്രത്യേക താല്പര്യം എടുക്കണമെന്നും മാന്വലിൽ പറയുന്നു.
യാത്രക്കിടയില്‍ വിശന്നാല്‍ കഴിക്കാന്‍ ഇനി പ്ലേറ്റ് തിരയേണ്ട!ട്രെന്‍ഡിങ്ങായി പാസ്ത ഷൂ’

“പാസ്ത ഷൂ”ഫാഷനാണോ അതോ ഭക്ഷണമാണോ? സംശയിക്കേണ്ട, ഷെഫ് ജൂലിയറ്റ് മൊറീനോ ഇതിന് മറുപടി പറയുന്നത് ഇതുരണ്ടുമാണ് എന്നാണ്. ഹൈ ഹീല്‍സ് ചെരുപ്പിനുള്ളില്‍ പാസ്ത വിളമ്പുന്ന ഈ ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രശസ്ത ഷെഫ് ജൂലിയറ്റ് മൊറീനോ തന്റെ ഷൂസിനുള്ളില്‍ പാസ്ത പാകം ചെയ്ത് കഴിച്ചാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.ചിലര്‍ ഇതിനെ ക്രിയേറ്റിവിറ്റി എന്ന് പറയുമ്പോള്‍, മറ്റുചിലര്‍ ചോദിക്കുന്നത് ‘ഇതൊക്കെ കഴിക്കാന്‍ കൊള്ളാമോ?’ എന്നാണ്. കാലിലെ ചൂടില്‍ പാസ്ത തണുക്കാതിരിക്കുമോ എന്നാണ് മറ്റുചിലരുടെ സംശയം. വൈറല്‍ ആകര്‍ഷണത്തിനപ്പുറം ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഷൂസ് പുതിയതാണെങ്കില്‍ പോലും, അതില്‍ ഉപയോഗിച്ചിരിക്കുന്ന സിന്തറ്റിക് മെറ്റീരിയലുകള്‍, പശ , ഡൈ എന്നിവ ഭക്ഷണവുമായി കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും ഈ ‘ഫാഷന്‍ വിഭവമാണ് ‘ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്.
വെറുമൊരു പ്രഭാതഭക്ഷണമല്ല; ഇതൊരു വികാരമാണ്! ചെന്നൈയിലെ ഇഡ്ഡലിപ്പെരുമ

ചെന്നൈ നഗരത്തിന്റെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക താളമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിനിടയിലും തെരുവോരങ്ങളിലെ ചെറിയ തട്ടുകടകളിലും ഉയരുന്ന ആവി പറക്കുന്ന ഇഡ്ഡലിയുടെ മണം ആ നഗരത്തിന്റെ ഉണർവാണ്. തമിഴ് ജനതയ്ക്ക് ഇഡ്ഡലി എന്നത് വെറുമൊരു ഭക്ഷണമല്ല, മറിച്ച് തലമുറകളായി കൈമാറി വരുന്ന ഒരു വികാരമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ വിഭവം ചെന്നൈയുടെ സാംസ്കാരിക അടയാളമായി ഇന്ന് മാറിയിരിക്കുന്നു. ലളിതമെന്ന് തോന്നുമെങ്കിലും ഇഡ്ഡലിയുടെ പിന്നിൽ കൃത്യമായ പാചകതന്ത്രമുണ്ട്. അരിയും ഉഴുന്നും പാകത്തിന് കുതിർത്ത് അരച്ച്, കൃത്യമായ സമയം പുളിപ്പിക്കാൻ വച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുമ്പോഴാണ് ആ പഞ്ഞിപോലുള്ള മൃദുത്വം ലഭിക്കുന്നത്. ചെന്നൈയിലെ വീട്ടുമുറ്റങ്ങളിൽ വിരുന്നുകാരെ സ്വീകരിക്കുന്നതിൽ ഇഡ്ഡലിക്കും ഫിൽട്ടർ കോഫിക്കുമുള്ള സ്ഥാനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. സാമ്പാറും ചമ്മന്തിയും മാത്രമല്ല, പരിപ്പ് പൊടിയും നല്ലെണ്ണയും ചേർത്തുള്ള ഇഡ്ഡലി കോമ്പിനേഷനുകൾ ചെന്നൈയിലെ ഓരോ ഭക്ഷണശാലയിലും വ്യത്യസ്തമായ രുചി അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. രുചിയേക്കാളേറെ ഇഡ്ഡലിയെ പ്രിയപ്പെട്ടതാക്കുന്നത് അതിന്റെ ആരോഗ്യഗുണങ്ങളാണ്. എണ്ണ ഒട്ടും ചേർക്കാതെ ആവിയിൽ വേവിക്കുന്നതിനാൽ ദഹനപ്രക്രിയയ്ക്ക് ഇത് ഏറെ ഉത്തമമാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൃത്യമായ അളവിൽ അടങ്ങിയ ഈ വിഭവം ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഒരു നഗരത്തിന്റെ പാരമ്പര്യവും ആരോഗ്യവും ഒരേപോലെ കാത്തുസൂക്ഷിക്കുന്ന ഇഡ്ഡലി സംസ്കാരം ചെന്നൈയെ ലോക ഭൂപടത്തിൽ തന്നെ സവിശേഷമായ ഒരിടമാക്കി മാറ്റുന്നു.
ഇനി ചായകുടി നിർത്താം അല്ലേ?സംസ്ഥാത്ത് ഹോട്ടൽ ഭക്ഷണത്തിന് വൻ വില വർധന

എന്താല്ലേ നമ്മുടെ ഒരു അവസ്ഥ! ഇനിയിപ്പോ വഴിയിലൊരു ഹോട്ടൽ കണ്ടാൽ കയറണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന ചായയ്ക്കും ഊണിനുമൊക്കെ ഇപ്പോൾ കൈപൊള്ളുന്ന വിലയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ (LPG) വില കുത്തനെ കൂടിയതോടെ ഹോട്ടലുടമകളും നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വൻ വിലവർധനവാണ് നിലവിൽ വന്നിരിക്കുന്നത്. പണ്ട് 12 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഗ്ലാസ് ചായയ്ക്ക് ഇനി 16 രൂപ നൽകണം. കേൾക്കുമ്പോൾ വെറും 4 രൂപയല്ലേ എന്ന് തോന്നുമെങ്കിലും, ദിവസവും പുറത്തുനിന്ന് ചായ കുടിക്കുന്നവർക്ക് ഇത് വലിയൊരു ബാധ്യതയാണ്. ഉച്ചയൂണിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട; 90 രൂപയ്ക്ക് കിട്ടിയിരുന്ന ഊണ് ഇപ്പോൾ 120 രൂപ കടന്നിരിക്കുകയാണ്. അതായത് ഒരൊറ്റയടിക്ക് 30 രൂപയുടെ വർധനവ്! ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ കൊടുക്കണം..പൊറോട്ടയ്ക്കും ചപ്പാത്തിക്കും തൽക്കാലം വില കൂട്ടിയിട്ടില്ലെങ്കിലും ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്കെല്ലാം ചെറിയ രീതിയിൽ വില വർധിപ്പിച്ചിട്ടുണ്ട്. പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ നിത്യക്കൂലിക്കാരും നഗരങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഈ വിലക്കയറ്റത്തിൽ ശരിക്കും ശ്വാസംമുട്ടുന്നത്. ഭക്ഷണത്തിനായി മാത്രം ഒരു വലിയ തുക മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുറപ്പാണ്. സർക്കാർ ഇടപെട്ട് ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ചുരുക്കത്തിൽ പറഞ്ഞാൽ, ഹോട്ടലിൽ കയറി വയറുനിറച്ചൊന്ന് കഴിക്കാൻ ഇനി പോക്കറ്റ് ശരിക്കും കീറേണ്ടി വരും!