ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണോ ?കെഎസ്ആർടിസി മാന്വലിൽ പറയുന്നതിങ്ങനെ..

​​കോഴിക്കോട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ട ഒരു യുവതി, ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ യുവതി പ്രതികരിച്ചത് ഇങ്ങനെ..
” അടിയന്തിരമായി ബാത്ത്റൂമിൽ പോകേണ്ട അവസ്ഥയായിരുന്നു. കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്ന ഞാൻ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെയാണ് അങ്ങനെ പെരുപ്പിച്ചുപോയത്. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല, സംഭവത്തിൽ മാപ്പ് ചോദിക്കുന്നു.”

​ഈ സംഭവത്തെത്തുടർന്ന് 28,000 രൂപ യുവതി അന്നുതന്നെ ഫൈൻ ആയി അടച്ച് വിഷയം ഔദ്യോഗികമായി പരിഹരിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ യുവതിക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും ഉണ്ടായി. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ ബസ് നിർത്തിക്കൊടുക്കാൻ നിയമമുണ്ടെന്ന വാദവുമായി ചിലർ യുവതിയെ അനുകൂലിച്ചും രംഗത്തെത്തി.
​ഇതോടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറിയാൽ പറയുന്ന സ്ഥലത്ത് സ്റ്റോപ്പ് ആവശ്യപ്പെടാൻ യാത്രക്കാർക്ക് അവകാശമുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയർന്നത്. ഇതിനുള്ള കൃത്യമായ മറുപടി കെ.എസ്.ആർ.ടി.സി മാന്വലിൽ തന്നെയുണ്ട്.

​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആർ.ടി.ഒ, പോലീസ് തുടങ്ങിയവർ യാത്രക്കാരുടെ സുരക്ഷയും റോഡ് സൗകര്യങ്ങളും മുൻനിർത്തിയാണ് സാധാരണയായി ബസ് സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത്. എന്നാൽ പൊതുജനങ്ങളുടെ ആവശ്യപ്രകാരം കെ.എസ്.ആർ.ടി.സി പ്രത്യേക സ്റ്റോപ്പുകളും അനുവദിക്കാറുണ്ട്. സാധാരണഗതിയിൽ ഈ നിശ്ചിത സ്റ്റോപ്പുകളിലാണ് ബസുകൾ നിർത്തേണ്ടത്.
​എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും ബസ് നിർത്തിക്കൊടുക്കണമെന്ന് മാന്വലിൽ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.

രാത്രികാലങ്ങളിൽ ​സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിർദ്ദേശങ്ങളും സർക്കുലറിലുണ്ട്.
​രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തും ബസ് നിർത്തിക്കൊടുക്കണം.
​അവരെ ഇറക്കിവിടുന്ന സ്ഥലം അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം.
​ഇറങ്ങുന്നതിന് മുൻപ് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യപ്പെടുന്നപക്ഷം, മുൻകൂട്ടി വീട്ടുകാരുമായോ ബന്ധുക്കളുമായോ ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യം ബസ് ജീവനക്കാർ ചെയ്തു കൊടുക്കണം.
​രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷിതമായി യാത്ര ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിലാകണം കണ്ടക്ടറുടെ പെരുമാറ്റം.കൂടാതെ
​പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവയുടെ മുൻപിൽ കൃത്യമായ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും, ട്രാഫിക് തടസ്സം ഉണ്ടാകാത്ത രീതിയിൽ യാത്രാക്കാർ ആവശ്യപ്പെട്ടാൽ ബസ് നിർത്തിക്കൊടുക്കണം.

റിക്വസ്റ്റ് സ്റ്റോപ്പുകളിൽ യാത്രക്കാർ കയറാൻ നിൽക്കുന്നത് കണ്ടാൽ അവർക്കായി ബസ് നിർത്തണം.റെയിൽവേ സ്റ്റേഷനുകൾ, സിനിമ തിയേറ്ററുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, മറ്റ് ബസ് സർവീസുകളെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാത്രക്കാരെ കയറ്റാൻ കണ്ടക്ടർമാരും ഡ്രൈവർമാരും പ്രത്യേക താല്പര്യം എടുക്കണമെന്നും മാന്വലിൽ പറയുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *