ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബ്രസീൽ ഫുട്ബോൾ ടീമിനും ആരാധകർക്കും കനത്ത തിരിച്ചടിയായി നെയ്മറിന്റെ പരിക്ക് വാർത്ത പുറത്തുവരുന്നു. കാലിലെ പേശിക്കേറ്റ പരിക്കിനെത്തുടർന്ന് താരം ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കുന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്. ബ്രസീൽ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ നൽകുന്ന വിവരമനുസരിച്ച്, പരിക്ക് കാരണം നെയ്മർക്ക് ലോകകപ്പിന്റെ തുടക്കത്തിൽ കളത്തിലിറങ്ങാൻ സാധിക്കില്ലെന്നാണ് സൂചനകൾ. എംആർഐ സ്‌കാനിലൂടെ താരത്തിന് ‘ഗ്രേഡ് ടു’ മസിൽ ഇഞ്ചുറി ഉണ്ടെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാൻ രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീളുന്ന ചികിത്സയും വിശ്രമവും അത്യാവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ഈ പരിക്ക് കാരണം പാനമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങൾ നെയ്മറിന് പൂർണ്ണമായും നഷ്ടമാകും എന്നത് ഉറപ്പായി കഴിഞ്ഞു. മാത്രമല്ല, ജൂൺ 13-ന് നടക്കാനിരിക്കുന്ന മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
34 വയസുകാരനായ താരം നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലും ചികിത്സയിലുമാണ്. വൈദ്യപരിശോധനകൾക്കായി ടീമിന്റെ ആദ്യ പരിശീലന സെഷനിൽ നിന്ന് നെയ്മർ വിട്ടുനിന്നിരുന്നു. പനാമയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് മൂന്ന് പരിശീലന സെഷനുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഒരു വർഷത്തോളം ബ്രസീലിയൻ ടീമിൽ ഇടം നേടാൻ കഴിയാതെ പോയ നെയ്മറെ കഴിഞ്ഞ ആഴ്ച പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിലേക്ക് തിരിച്ചുവിളിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
താരത്തിന്റെ മടങ്ങിവരവ് ലോകകപ്പിൽ ബ്രസീലിന് കരുത്താകുമെന്ന് കരുതിയിരുന്നിടത്താണ് ഇപ്പോൾ ഇങ്ങനെയൊരു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. നെയ്മറുടെ ലോകകപ്പ് പങ്കാളിത്തം തന്നെ ചോദ്യചിഹ്നമായി മാറിയതോടെ ബ്രസീലിയൻ ക്യാമ്പ് ആശങ്കയിലാണ്. താരം എത്രയും വേഗം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.





