ജാഫർ പനാഹിക്ക് അഞ്ചു വർഷവും ഒരു മാസവും തടവ്; വിദേശയാത്രയ്ക്കും സോഷ്യൽ മീഡിയയ്ക്കും വിലക്ക്

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് അഞ്ചു വർഷവും ഒരു മാസവും തടവുശിക്ഷ വിധിച്ച് ടെഹ്റാനിലെ കോടതി. സംവിധായകൻ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വിധി പുറപ്പെടുവിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും രണ്ടുവർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പനാഹിക്കെതിരെ ചുമത്തിയ പുതിയ കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. സംവിധായകന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നടത്തിയ അന്വേഷണത്തിലാണ് ശിക്ഷാവിധിയെക്കുറിച്ച് അറിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യം ഇറാനിയൻ വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എയാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മാർച്ചിലാണ് ജാഫർ പനാഹി ഇറാനിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ നിലവിൽ അദ്ദേഹം രാജ്യത്തുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അഭിഭാഷകൻ പറഞ്ഞു. നേരത്തെയും ഭരണകൂടവിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് പനാഹിക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പുതിയ ശിക്ഷാവിധി ഇറാനിലെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *