കിഫ്ബിയുടെ സാമ്പത്തികനിലയിൽ ആശങ്കയുയർത്തി തുടർച്ചയായ നഷ്ടം. ഈ സാമ്പത്തികവർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 483.3 കോടി രൂപയാണ് നഷ്ടം. ആദ്യ രണ്ട് പാദങ്ങളിലുമായി നഷ്ടം 997.19 കോടി രൂപയായി. കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകരിച്ച ഓഡിറ്റ് ചെയ്യാത്ത കണക്കുകളാണിത്. വരുമാനം ലഭിക്കാത്ത അടിസ്ഥാനസൗകര്യ പദ്ധതികളിലെ നിക്ഷേപവും ഉയർന്ന പലിശബാധ്യതയുമാണ് നഷ്ടത്തിന് പ്രധാന കാരണങ്ങൾ.
കിഫ്ബി 8,600 കോടിയിലേറെ രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിന് 8.4 മുതൽ 9.67 ശതമാനം വരെയാണ് പലിശ. വായ്പ തിരിച്ചടയ്ക്കാനും പലിശ നൽകാനും കിഫ്ബിയുടെ സ്വന്തം വരുമാനം മതിയാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആറുമാസത്തിനിടെ സർക്കാർ 2,790.86 കോടി രൂപ നൽകിയെങ്കിലും കിഫ്ബി നിയമപ്രകാരം ഇത് വരുമാനമായല്ല, മൂലധനമായാണ് കണക്കാക്കുന്നത്. അതിനാൽ ലാഭനഷ്ട കണക്കിൽ ഈ തുക ഉൾപ്പെടില്ല.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നടപ്പാക്കിയ ‘സി.എം. വിത്ത് മി’ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി 338.99 കോടി രൂപ ചെലവിട്ടിട്ടുണ്ട്. കൂടാതെ, വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള അഞ്ച് പദ്ധതികൾക്കായി നൽകിയ വായ്പ എൻ.പി.എ. ആയി കണക്കാക്കിയതും രണ്ടാം പാദത്തിലെ നഷ്ടം വർധിപ്പിച്ചു.






