ശബരിമലയിലെ വഴിപാട് അരിയിൽ വൻ ക്രമക്കേട്; ദേവസ്വം ബോർഡിന് 42.37 ലക്ഷം നഷ്ടം

ശബരിമലയിൽ തീർഥാടകർ സമർപ്പിച്ച 1.63 ലക്ഷം കിലോഗ്രാം അരി വിറ്റഴിച്ചിട്ടും തുക തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അടച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. കരാറുകാരൻ വഴി നടന്ന ക്രമക്കേടിൽ ബോർഡിന് 42,37,568 രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തൽ. 2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്‌സിലെ അനിൽകുമാറിനായിരുന്നു കിലോഗ്രാമിന് 26 രൂപ നിരക്കിൽ അരി വിൽക്കാനുള്ള കരാർ നൽകിയത്.

ഇരുമുടിക്കെട്ടിലൂടെ ഭക്തർ സമർപ്പിക്കുന്ന അരിയിൽ നിവേദ്യത്തിനും പായസത്തിനും ആവശ്യമായത് മാറ്റിവെച്ച ശേഷമുള്ള ബാക്കി ഭാഗമാണ് വിൽക്കുന്നത്. 2026 ഏപ്രിൽ വരെ 1,62,983.4 കിലോഗ്രാം അരി കരാറുകാരൻ കൊണ്ടുപോയെങ്കിലും പണമൊന്നും അടച്ചില്ല. അരി തൂക്കിയശേഷം പണമടയ്ക്കാനുള്ള ചലാൻ നൽകുകയോ സ്റ്റോക്ക് ലെഡ്ജറിൽ അളവ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് വിജിലൻസ് കണ്ടെത്തി. അന്നത്തെ മെയിൻ സ്റ്റോർ സൂപ്രണ്ട് ബി. ദിലീപ് കുമാറിന്റെ ചുമതലക്കാലത്താണ് ക്രമക്കേട് നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് ദേവസ്വം കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുകയും പലിശയും കരാറുകാരനിൽനിന്ന് ഈടാക്കണമെന്നാണ് വിജിലൻസിന്റെ നിർദേശം. അതിന് കഴിയാത്തപക്ഷം ബന്ധപ്പെട്ട ചുമതലക്കാരനായിരുന്ന ദിലീപ് കുമാറിൽനിന്ന് തുക ഈടാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *