ഒരു രാത്രിയില്‍ നടക്കുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ഹൊറര്‍, ക്രൈം മിഥ്യാധാരണകളെ തിരുത്തിക്കുറിക്കുന്ന ചിത്രമാണ് ഭീഷ്മര്‍.
പ്രണയവും സംഘര്‍ഷങ്ങളും പൊട്ടിച്ചിരിയും നിറഞ്ഞ ഒരു പക്കാ എന്റര്‍ടൈനറാണ് ചിത്രം.
പാലക്കാടിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പച്ചക്കറി കച്ചവടക്കാരനായ മുരുകന്റെ (ധ്യാന്‍ ശ്രീനിവാസന്) ജീവിതത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ശാന്തമായി പോയിരുന്ന മുരുകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി അരവിന്ദനും (വിഷ്ണു ഉണ്ണിക്കൃഷ്ണന്) അയാളുടെ കാമുകി റസിയയും (അമേര) കടന്നുവരുന്നതോടെ കഥയുടെ രൂപം മാറുന്നത്. ആകാംക്ഷയും തമാശയും നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് പിന്നീട് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
അരവിന്ദന്റെയും റസിയയുടെയും പുതിയ കാലത്തെ പ്രണയത്തോടൊപ്പം തന്നെ മുരുകന്റെ ഉള്ളിലെ വിങ്ങുന്ന പഴയകാല പ്രണയകഥയും ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്.മുരുകന് എന്ന വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന് തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെക്കുന്നു. നിഗൂഢത നിറഞ്ഞ അരവിന്ദനായി വിഷ്ണു ഉണ്ണിക്കൃഷ്ണനും, മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഗോപികയായി ദിവ്യാ പിള്ളയും തിളങ്ങുന്നു.
ചിരിപ്പിക്കാന്‍ മാത്രമല്ല, പ്രണയത്തിന്റെ ആഴവും ജീവിതത്തിന്റെ ചില ഗൗരവമായ വശങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഭീഷ്മര്‍’ എന്ന ടൈറ്റിലിന് പിന്നിലെ രഹസ്യവും ഒന്നിലേറെ പ്രണയങ്ങളും ചിത്രത്തിൽ ചർച്ചയാവുന്നുണ്ട്.
രഞ്ജിന് രാജിന്റെ സംഗീതവും രതീഷ് റാമിന്റെ ദൃശ്യഭംഗിയും ചിത്രത്തിന് ഒരു ഫ്രഷ് ഫീല്‍ നല്കുന്നു. പഴയ ഹിറ്റ് ഗാനമായ’പാല്‍നിലാപ്പുഞ്ചിരി’ പുതിയ രൂപത്തില്‍ കേള്‍ക്കുന്നത് പ്രേക്ഷകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരിക്കും.മൊത്തത്തില്‍ പ്രണയവും സംഗീതവും കോമഡിയും ചേര്‍ന്നൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജാണ് ഭീഷ്മര്‍.
