ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ വീണ്ടും തിയേറ്ററുകളിലേക്ക്.

ചിത്രത്തിന്റെ റീ-റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന ഡാർക്ക് മൂഡിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. 2010ൽ റിലീസ് ചെയ്ത ചിത്രം 16 വർഷങ്ങൾക്കുശേഷം 4K ദൃശ്യമികവോടെ ഒക്ടോബർ 30ന് ബിഗ് സ്ക്രീനിലെത്തും. മനോജ് പരമഹംസയുടെ സ്റ്റൈലിഷ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ തീവ്രമായ സംഗീതവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ വേറിട്ട സംവിധാനശൈലിയും വീണ്ടും തിയേറ്ററുകളിൽ ആസ്വദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ ദൃശ്യഭംഗിയും പശ്ചാത്തലസംഗീതവും സമന്വയിപ്പിച്ച ട്രെയിലർ റീ-റിലീസിനായുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു ‘നായകൻ’. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തിയത്. ശക്തമായ പ്രമേയവും വ്യത്യസ്തമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം പുതിയ ദൃശ്യാനുഭവത്തിൽ വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
എഐ സൂപ്പർ ഹൈവേ; 4,000 കോടി നിക്ഷേപവുമായി ടാറ്റ

ഇന്ത്യയിലെ പ്രധാന എഐ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കാൻ 4,000 കോടി രൂപ നിക്ഷേപവുമായി ടാറ്റ കമ്മ്യൂണിക്കേഷൻസ്. ‘എഐ സൂപ്പർ ഹൈവേ’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 10,000 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ശൃംഖല നിർമിക്കും. അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള കണക്ടിവിറ്റിയാണ് ലക്ഷ്യം. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവയെ ബന്ധിപ്പിക്കും. തുടർന്ന് വിശാഖപട്ടണം, ഭുവനേശ്വർ, ഗുജറാത്ത് തുടങ്ങിയ മേഖലകളിലേക്കും ശൃംഖല വ്യാപിപ്പിക്കും. ഡാറ്റാ സെന്ററുകൾ തമ്മിലുള്ള വേഗത്തിലുള്ള ആശയവിനിമയത്തിന് സഹായിക്കുന്ന ശൃംഖല ടാറ്റയുടെ നിലവിലുള്ള ഫൈബർ സംവിധാനങ്ങളുമായി സംയോജിപ്പിക്കും. ഇന്ത്യയെ ആഗോള എഐ, ക്ലൗഡ് കണക്ടിവിറ്റി കേന്ദ്രമാക്കി ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
15 ഗ്രാം പാക്കറ്റിൽ 4 ഗ്രാം ചിപ്സ്; പെപ്സികോയ്ക്ക് പിഴ

15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ ലേസ് ചിപ്സ് പാക്കറ്റിൽ 4 ഗ്രാം മാത്രം ചിപ്സ് നൽകിയ സംഭവത്തിൽ പെപ്സികോ ഇന്ത്യയ്ക്ക് പിഴ ചുമത്തി ജയ്പൂർ ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് നടപടി. 2020 നവംബർ 10-ന് വാങ്ങിയ ചിപ്സ് പാക്കറ്റിലെ ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിൽപനക്കാരനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് 2022 ഏപ്രിലിൽ അദ്ദേഹം കമ്മിഷനെ സമീപിച്ചത്. നോട്ടീസ് നൽകിയിട്ടും പെപ്സികോ ഹാജരായില്ല. പാക്കറ്റിന്റെ അഞ്ച് രൂപ വില ആറ് ശതമാനം പലിശയോടെ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപയും കേസ് ചെലവായി 3,000 രൂപയും നഷ്ടപരിഹാരം നൽകാനും കമ്മിഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ അധിക പലിശയും നൽകണം.
‘ഉടുമ്പൻചോല വിഷൻ’ തനിക്ക് നിർമാതാവെന്ന നിലയിലും ക്രിയേറ്റീവ് ഡയറക്ടറെന്ന നിലയിലും ഏറെ സംതൃപ്തി നൽകിയ ചിത്രമാണെന്ന് അഷർ എ. എ. പറഞ്ഞു.

ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തിനും സാങ്കേതിക മികവിനും ലഭിക്കുന്ന പ്രശംസകൾ സന്തോഷം നൽകുന്നുവെന്നും ആറുമാസത്തിലേറെ നീണ്ട വിഎഫ്എക്സ്, ഗ്രാഫിക്സ് പ്രവർത്തനങ്ങൾ ചിത്രത്തിനായി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന് പിന്നാലെ പുതിയ ഹ്യൂമർ സിനിമയുടെ പണിപ്പുരയിലാണ് എ & ആർ മീഡിയ ലാബ്സ്. പഴയകാല സിനിമാരീതികളും ഇന്നത്തെ സിനിമാലോകത്തെ മാറ്റങ്ങളും സിനിമയ്ക്കുള്ളിലെ രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ രണ്ട് പ്രമുഖ യുവതാരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കും. ചിത്രത്തിന്റെ പേരും താരനിരയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും.
ആക്ഷനും പ്രണയവും തീവ്രതയും സമന്വയിപ്പിച്ച് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘കിങ്’ന്റെ പോസ്റ്റർ പുറത്ത്.

ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തി ഷാരൂഖ് ഖാൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം ശ്രദ്ധ നേടുകയാണ്. ചുണ്ടുകൾക്കിടയിൽ റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖിന്റെ രൂപം കഥാപാത്രത്തിന്റെ ശക്തിയും ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലവും ഒരുപോലെ അടയാളപ്പെടുത്തുന്നു. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനയും പുതിയ പോസ്റ്റർ നൽകുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. ഷാരൂഖ് ഖാനെ വേറിട്ടൊരു ഭാവത്തിൽ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ‘കിങ്’ 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി.

നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് സായി പല്ലവി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമെന്ന പ്രത്യേകതയും ഈ കഥാപാത്രത്തിനുണ്ട്. സായി പല്ലവി നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ‘ഓം’ എന്ന ടൈറ്റിൽ. ചന്ദനക്കടത്ത് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന. ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘അമരനി’ലെ അഭിനയത്തിന് സായി പല്ലവിക്ക് നേരിടേണ്ടിവന്ന ട്രോളുകൾക്കു പിന്നാലെ പുതിയ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനാണ് താരത്തിന്റെ ശ്രമം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി തമിഴ് സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ ആണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം. ‘മാരി 2’വിന് ശേഷം ധനുഷും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സായ് അഭ്യങ്കറാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന് സായ് അഭ്യങ്കർ സംഗീതം നൽകുന്നത് ഇതാദ്യമായാണ്. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും.
ബാലവിവാഹവും ചെറുപ്രായത്തിലെ ഗർഭധാരണവും; പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമെന്ന് യുനെസ്കോ

ബാലവിവാഹവും കൗമാരപ്രായത്തിലെ ഗർഭധാരണവും പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് പ്രധാന തടസ്സങ്ങളായി തുടരുന്നതായി യുനെസ്കോയുടെ റിപ്പോർട്ട്. 2026-ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് (ജെ.ഇ.എം.) ജെൻഡർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ സ്കൂൾ പ്രവേശനത്തിലെ ലിംഗവ്യത്യാസം കുറഞ്ഞിട്ടുണ്ടെങ്കിലും സാമൂഹിക ആചാരങ്ങളും വിവേചനങ്ങളും പെൺകുട്ടികളുടെ തുടർവിദ്യാഭ്യാസത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ നഗരമേഖലകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിൽ ഏതാണ്ട് തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ വലിയ അന്തരമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഗ്രാമങ്ങളിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ 59 പെൺകുട്ടികൾ മാത്രമാണ് ഈ നേട്ടം കൈവരിക്കുന്നത്. ലോകത്തെ 58 ശതമാനം രാജ്യങ്ങൾ ലിംഗവിവേചനമില്ലാത്ത വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെങ്കിലും ഗർഭിണികളായ പെൺകുട്ടികൾക്കും അമ്മമാരായവർക്കും പഠനം തുടരാൻ നിയമപരമായ സംരക്ഷണം നൽകുന്നത് 35 ശതമാനം രാജ്യങ്ങൾ മാത്രമാണ്. നിയമപരമായ പരിരക്ഷയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ, സാമൂഹികമായ ഒറ്റപ്പെടുത്തൽ, ശിശുപരിപാലന സൗകര്യങ്ങളുടെ അഭാവം, യാത്രയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് തടസ്സമാകുന്നു. പ്രാഥമിക തലം മുതൽ സെക്കൻഡറി തലം വരെ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും സ്കൂളുകളിൽ പ്രവേശനം നേടുന്നുണ്ടെങ്കിലും പഠനം വിജയകരമായി പൂർത്തിയാക്കുന്നതിൽ അവർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുവെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഖാലിദ് അൽ-ഇനാനി വ്യക്തമാക്കി.