ഇന്ത്യയിലെ പ്രധാന എഐ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കാൻ 4,000 കോടി രൂപ നിക്ഷേപവുമായി ടാറ്റ കമ്മ്യൂണിക്കേഷൻസ്. ‘എഐ സൂപ്പർ ഹൈവേ’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 10,000 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ശൃംഖല നിർമിക്കും. അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള കണക്ടിവിറ്റിയാണ് ലക്ഷ്യം.
മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവയെ ബന്ധിപ്പിക്കും. തുടർന്ന് വിശാഖപട്ടണം, ഭുവനേശ്വർ, ഗുജറാത്ത് തുടങ്ങിയ മേഖലകളിലേക്കും ശൃംഖല വ്യാപിപ്പിക്കും.
ഡാറ്റാ സെന്ററുകൾ തമ്മിലുള്ള വേഗത്തിലുള്ള ആശയവിനിമയത്തിന് സഹായിക്കുന്ന ശൃംഖല ടാറ്റയുടെ നിലവിലുള്ള ഫൈബർ സംവിധാനങ്ങളുമായി സംയോജിപ്പിക്കും. ഇന്ത്യയെ ആഗോള എഐ, ക്ലൗഡ് കണക്ടിവിറ്റി കേന്ദ്രമാക്കി ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.






