നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് സായി പല്ലവി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമെന്ന പ്രത്യേകതയും ഈ കഥാപാത്രത്തിനുണ്ട്. സായി പല്ലവി നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ‘ഓം’ എന്ന ടൈറ്റിൽ. ചന്ദനക്കടത്ത് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന.
‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘അമരനി’ലെ അഭിനയത്തിന് സായി പല്ലവിക്ക് നേരിടേണ്ടിവന്ന ട്രോളുകൾക്കു പിന്നാലെ പുതിയ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനാണ് താരത്തിന്റെ ശ്രമം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി തമിഴ് സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ ആണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.
‘മാരി 2’വിന് ശേഷം ധനുഷും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സായ് അഭ്യങ്കറാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന് സായ് അഭ്യങ്കർ സംഗീതം നൽകുന്നത് ഇതാദ്യമായാണ്. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും.






