ബാലവിവാഹവും കൗമാരപ്രായത്തിലെ ഗർഭധാരണവും പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് പ്രധാന തടസ്സങ്ങളായി തുടരുന്നതായി യുനെസ്കോയുടെ റിപ്പോർട്ട്. 2026-ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് (ജെ.ഇ.എം.) ജെൻഡർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ സ്കൂൾ പ്രവേശനത്തിലെ ലിംഗവ്യത്യാസം കുറഞ്ഞിട്ടുണ്ടെങ്കിലും സാമൂഹിക ആചാരങ്ങളും വിവേചനങ്ങളും പെൺകുട്ടികളുടെ തുടർവിദ്യാഭ്യാസത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ നഗരമേഖലകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിൽ ഏതാണ്ട് തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ വലിയ അന്തരമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഗ്രാമങ്ങളിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ 59 പെൺകുട്ടികൾ മാത്രമാണ് ഈ നേട്ടം കൈവരിക്കുന്നത്. ലോകത്തെ 58 ശതമാനം രാജ്യങ്ങൾ ലിംഗവിവേചനമില്ലാത്ത വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെങ്കിലും ഗർഭിണികളായ പെൺകുട്ടികൾക്കും അമ്മമാരായവർക്കും പഠനം തുടരാൻ നിയമപരമായ സംരക്ഷണം നൽകുന്നത് 35 ശതമാനം രാജ്യങ്ങൾ മാത്രമാണ്.
നിയമപരമായ പരിരക്ഷയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ, സാമൂഹികമായ ഒറ്റപ്പെടുത്തൽ, ശിശുപരിപാലന സൗകര്യങ്ങളുടെ അഭാവം, യാത്രയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് തടസ്സമാകുന്നു. പ്രാഥമിക തലം മുതൽ സെക്കൻഡറി തലം വരെ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും സ്കൂളുകളിൽ പ്രവേശനം നേടുന്നുണ്ടെങ്കിലും പഠനം വിജയകരമായി പൂർത്തിയാക്കുന്നതിൽ അവർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുവെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഖാലിദ് അൽ-ഇനാനി വ്യക്തമാക്കി.






