വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം നടപ്പായില്ല; സുപ്രീംകോടതിയിൽ ഹർജി

അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാൻ 2014-ൽ പാർലമെന്റ് പാസാക്കിയ വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും മാഗ്സസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദിയാണ് ഹർജി നൽകിയത്. അഴിമതികൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ നിരവധി കേസുകളും സർക്കാർ നടപടികളും നേരിടേണ്ടിവരുന്നുണ്ടെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. വിഷയം വ്യക്തിപരമായ പരാതിയായി കാണാതെ ഭരണഘടനാപരമായ പ്രശ്നമായി പരിഗണിക്കണമെന്നും ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കോടതി ഇടപെടണമെന്നുമാണ് ആവശ്യം. 2014 മേയ് 12-ന് വിജ്ഞാപനം ചെയ്ത നിയമം കേന്ദ്രസർക്കാർ ഇതുവരെ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടില്ല. ദേശീയ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കാത്തവിധം ഭേദഗതി വരുത്താൻ 2015-ൽ കേന്ദ്രം ബിൽ കൊണ്ടുവന്നെങ്കിലും ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ നടപടികളില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

2029-ലെ ഐ. സി. സി ചാമ്പ്യൻസ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. 2031-ലെ ലോകകപ്പ് ബംഗ്ലാദേശുമായി സംയുക്തമായാണ് ഇന്ത്യ സംഘടിപ്പിക്കുക. 2035 വരെയുള്ള ഐ.സി.സി ടൂർണമെന്റുകളുടെ വേദികൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനം. 2029 ഒക്ടോബർ 9 മുതൽ 28 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ ടൂർണമെന്റിന് വേദിയാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനുള്ള അവസരവും ഇതോടെ ലഭിക്കും. 2031 ഏകദിന ലോകകപ്പ് ഒക്ടോബർ 9 മുതൽ നവംബർ 23 വരെ നടക്കും. ഇതോടെ അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1987, 1996, 2011, 2023 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇന്ത്യ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 2023-ൽ സ്വന്തം മണ്ണിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഹോർമുസിൽ സൂപ്പർ ടാങ്കറിന് നേരെ മൈൻ ആക്രമണം; കപ്പൽ മുങ്ങിയതായി റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ 20 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ കടൽ മൈനിൽ തട്ടി തീപിടിച്ച് മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. വൻ സ്ഫോടനത്തിന് പിന്നാലെയാണ് കപ്പൽ കടലിൽ താഴ്ന്നതെന്നാണ് റിപ്പോർട്ട്. രണ്ട് എണ്ണക്കപ്പലുകൾ മൈൻ ആക്രമണത്തിൽ തകർന്നതായും ഇറാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ കപ്പലുകളുടെ പേരോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. മേഖലയിൽ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് ഹോർമുസിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചു. ഇന്ധനച്ചോർച്ചയ്ക്കും മറ്റ് അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഈ പാത ഒഴിവാക്കാൻ കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുങ്ങിയ ടാങ്കറിൽനിന്ന് എത്രത്തോളം എണ്ണ കടലിൽ ചോർന്നിട്ടുണ്ടെന്നോ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നോ വ്യക്തമായിട്ടില്ല.
‘സായ് പല്ലവി ആക്ഷൻ ഹീറോയിനാകും’മമ്മൂട്ടി

മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന രാജ്കുമാർ പെരിയസാമി ചിത്രം ‘ഓം: ഓപ്പറേഷൻ മോൾ’ ശ്രദ്ധ നേടുന്നു. കൊച്ചിയിൽ നടന്ന പ്രീ-ഇവന്റ് ചടങ്ങിൽ സംവിധായകനെക്കുറിച്ചും സായ് പല്ലവിയെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ വൈറലായി. അസുഖബാധിതനായിരുന്ന സമയത്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും സൗകര്യമുള്ളപ്പോൾ ഷൂട്ടിങ് നടത്താമെന്ന് സംവിധായകൻ അറിയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകന്റെ ആത്മാർഥതയാണ് ചിത്രത്തിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിനിമയോട് വലിയ ആവേശവും ആത്മാർഥതയുമുള്ള വ്യക്തിയാണ് രാജ്കുമാർ പെരിയസാമിയെന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചത് സന്തോഷകരമായ അനുഭവമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഇൻസ്പെക്ടർ ബൽറാമായാണ് സായ് പല്ലവി എത്തുന്നത്. ആക്ഷൻ രംഗങ്ങളിലെ താരത്തിന്റെ പ്രകടനത്തെ മമ്മൂട്ടി പ്രശംസിച്ചു. വിജയശാന്തിക്കുശേഷം മികച്ചൊരു ആക്ഷൻ ഹീറോയിനായി സായ് പല്ലവിയെ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യക്കുപ്പി കൊണ്ടുപോകാനുള്ള സഞ്ചിക്ക് പണം ഈടാക്കി; മദ്യശാലയ്ക്ക് 8,020 രൂപ പിഴ

മദ്യം വാങ്ങിയ ഉപഭോക്താവിൽനിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയുമുള്ള സഞ്ചിക്ക് പണം ഈടാക്കിയ മദ്യവിൽപ്പനശാലയ്ക്ക് തിരിച്ചടി. ബെംഗളൂരുവിലെ സ്വകാര്യ മദ്യവിൽപ്പനശാല ഉപഭോക്താവിന് 20 രൂപ തിരികെ നൽകുന്നതിനൊപ്പം 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവം. 2,170 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാവ് കുപ്പികൾ കൊണ്ടുപോകാൻ സഞ്ചി ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിന്റെ പരസ്യവും ലോഗോയുമുള്ള സഞ്ചിക്ക് 20 രൂപ ഈടാക്കുകയായിരുന്നു. പരസ്യമുള്ള സഞ്ചിക്ക് പണം നൽകാനാകില്ലെന്ന് അറിയിച്ചിട്ടും ജീവനക്കാർ നിലപാട് മാറ്റിയില്ല. തുടർന്നാണ് യുവാവ് കമ്മിഷനെ സമീപിച്ചത്. 20 രൂപ തിരിച്ചുനൽകണമെന്നും 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചി ഉപഭോക്താവിന് പണം വാങ്ങി നൽകുന്നത് തെറ്റായ നടപടിയാണെന്ന് നിരീക്ഷിച്ച കമ്മിഷൻ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇറാനിൽ അവയവങ്ങൾ വിൽപനയ്ക്ക് വെച്ച് ജനങ്ങൾ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നു. കടബാധ്യതകളും കുടുംബച്ചെലവുകളും താങ്ങാനാകാതെ ജനങ്ങൾ സ്വന്തം ശരീരാവയവങ്ങളും രക്തവും വിൽപനയ്ക്ക് വെക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെലഗ്രാം ചാനലുകൾ കേന്ദ്രീകരിച്ച് ഇറാൻ ഇന്റർനാഷണൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വൃക്ക, മജ്ജ, കരൾ, കണ്ണിന്റെ കോർണിയ, വൃഷണം തുടങ്ങിയവ വിൽക്കാനായി നൂറുകണക്കിന് പരസ്യങ്ങളാണ് ടെലഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ വൃക്ക വിൽപനയ്ക്കായി 500-ഓളം പരസ്യങ്ങളും മജ്ജയ്ക്കായി 279 പരസ്യങ്ങളും കരളിനായി 51 പരസ്യങ്ങളും കണ്ടെത്തി. സാമ്പത്തിക ബാധ്യതകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരും കടക്കെണിയിലായവരും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുമാണ് പ്രധാനമായും അവയവങ്ങൾ വിൽക്കാൻ തയ്യാറാകുന്നത്. അമേരിക്കയുടെ സാമ്പത്തിക, നാവിക ഉപരോധങ്ങൾ ഇറാന്റെ എണ്ണവരുമാനത്തെയും അവശ്യവസ്തുക്കളുടെ ലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉപരോധങ്ങൾ തുടർന്നാൽ വരുംമാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിലയിരുത്തൽ. എന്നാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുകൾ ഇറാൻ ഭരണകൂടം തള്ളിക്കളയുകയാണ്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 7.6 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ മധ്യപ്രദേശിലെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 7.6 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്ത് ലോകായുക്ത. സാത്പുര ടൈഗർ റിസർവിലെ അസിസ്റ്റന്റ് ഡയറക്ടറായ സഞ്ജീവ് കുമാർ ശർമയുടെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. 2.5 കിലോഗ്രാം സ്വർണം, 1.6 കിലോഗ്രാം വെള്ളി, 26.36 ലക്ഷം രൂപ എന്നിവയുൾപ്പെടെയുള്ള സമ്പാദ്യമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 3.5 കോടി രൂപയും വെള്ളിക്ക് 2.9 ലക്ഷം രൂപയുമാണ് മതിപ്പുവില. നിയമാനുസൃത വരുമാന സ്രോതസ്സുകളിലൂടെ സമ്പാദിക്കാവുന്നതിനേക്കാൾ 228 ശതമാനം അധികം സ്വത്ത് സഞ്ജീവ് കുമാർ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ലോകായുക്തയുടെ പ്രാഥമിക വിലയിരുത്തൽ. ഭാര്യയുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെയും പേരുകളിൽ ഇയാൾ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന റിസോർട്ടും ഒരു കോടി രൂപ വിലയുള്ള വീടും ഇയാളുമായി ബന്ധപ്പെട്ടതാണെന്നാണ് കണ്ടെത്തൽ.
റൊണാൾഡോയുടെ അഭാവത്തിൽ പോർച്ചുഗലിന് വൻ തിരിച്ചടി; ഡെന്മാർക്കിനോട് തോൽവി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ കളത്തിലിറങ്ങിയ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ഡെന്മാർക്ക് പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. മികച്ച താരനിരയുമായി എത്തിയ പോർച്ചുഗലിനെതിരെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഡെന്മാർക്ക് അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. റൊണാൾഡോയ്ക്ക് പകരം ഗോൺസാലോ റാമോസാണ് പോർച്ചുഗലിന്റെ മുന്നേറ്റനിരയെ നയിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്, റൂബൻ നെവസ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ടായിരുന്നു. എന്നാൽ ഡെന്മാർക്കിന്റെ മുന്നേറ്റങ്ങൾക്ക് മുന്നിൽ പോർച്ചുഗീസ് പ്രതിരോധം പലപ്പോഴും പതറി. മത്സരത്തിന്റെ 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പിയെരി ഹൊയ്ബെർഗ് ലക്ഷ്യത്തിലെത്തിച്ചതോടെ ഡെന്മാർക്ക് ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിലായിരുന്നു ഡെന്മാർക്ക്. രണ്ടാം പകുതിയിലും പോർച്ചുഗലിന് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാനായില്ല. ഒടുവിൽ നാല് ഗോളുകൾ നേടി ഡെന്മാർക്ക് വിജയം ഉറപ്പിച്ചപ്പോൾ പോർച്ചുഗലിന് ആശ്വാസമായത് ഒരു ഗോൾ മാത്രം. റൊണാൾഡോയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന വിലയിരുത്തലുകൾക്കും ഈ തോൽവി വഴിയൊരുക്കി.
സോഷ്യൽ മീഡിയ ട്രോളുകളും ഗോസിപ്പുകളും വേദനിപ്പിക്കാറുണ്ട്തുറന്നുപറഞ്ഞ് ധനുഷ്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെയും ഗോസിപ്പുകളെയും കുറിച്ച് മനസുതുറന്ന് നടൻ ധനുഷ്. തന്റെ പുതിയ ചിത്രമായ ‘ഓം’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം. ജീവിതത്തിലുടനീളം താൻ ഒരു അണ്ടർഡോഗ് ആയിരുന്നുവെന്നും അറിയാത്ത പല വിവാദങ്ങളിലേക്കും തന്നെ വലിച്ചിഴയ്ക്കാറുണ്ടെന്നും ധനുഷ് പറഞ്ഞു. ‘തേരെ ഇഷ്ക് മേം’ സിനിമയുടെ പ്രചാരണത്തിനിടെ സ്റ്റൈലിസ്റ്റായ കാവ്യ തന്റെ വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ ശ്രമിച്ച വീഡിയോയുടെ പേരിലും അഹങ്കാരിയെന്ന വിമർശനം നേരിടേണ്ടി വന്നതായി താരം വ്യക്തമാക്കി. പ്രതിസന്ധികളെ അതിജീവിച്ച് ഒരു അണ്ടർഡോഗ് വിജയം നേടുമ്പോഴുള്ള സന്തോഷം മറ്റൊന്നിനും പകരംവയ്ക്കാനാകില്ലെന്നാണ് ധനുഷിന്റെ അഭിപ്രായം. തന്റെ ആരാധകർ കാറ്റിനെപ്പോലും അതിജീവിക്കാൻ കഴിയുന്ന കത്തുന്ന പന്തം പോലെയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയിലെ ട്രോളുകളും ഫാൻ വാറുകളും തന്നെ വിഷമിപ്പിക്കാറുണ്ടെന്നും എന്നാൽ ജോലിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും താരം പറഞ്ഞു. അതേസമയം, തന്റെ സിനിമകളെക്കുറിച്ച് മക്കൾ നൽകുന്ന അഭിപ്രായങ്ങൾ വളരെ കർക്കശമായിരിക്കുമെന്ന് ധനുഷ് വെളിപ്പെടുത്തി. സിനിമ ഇഷ്ടപ്പെട്ടാൽ അഭിനന്ദിക്കുമെങ്കിലും മോശമാണെന്ന് തോന്നിയാൽ ഒട്ടും മയമില്ലാതെയാണ് വിമർശിക്കാറുള്ളത്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളെക്കുറിച്ച് മക്കളോട് അഭിപ്രായം ചോദിക്കാൻ പോലും തനിക്ക് ഭയമാണെന്നും താരം തമാശരൂപേണ പറഞ്ഞു.
‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം വരുന്നുഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിൽ അവശേഷിച്ച ദുരൂഹതകൾക്ക് തുടർച്ചയായിരിക്കും പുതിയ ചിത്രമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകി. റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ പുറത്തുവന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കി. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം ഭാഗം ഒരുക്കാൻ പ്രചോദനമായതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. രണ്ടാം ഭാഗത്തിലെ താരനിർണയവും മറ്റ് വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്നും അറിയിച്ചു.