ഹോർമുസിൽ സൂപ്പർ ടാങ്കറിന് നേരെ മൈൻ ആക്രമണം; കപ്പൽ മുങ്ങിയതായി റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ 20 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ കടൽ മൈനിൽ തട്ടി തീപിടിച്ച് മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. വൻ സ്ഫോടനത്തിന് പിന്നാലെയാണ് കപ്പൽ കടലിൽ താഴ്ന്നതെന്നാണ് റിപ്പോർട്ട്. രണ്ട് എണ്ണക്കപ്പലുകൾ മൈൻ ആക്രമണത്തിൽ തകർന്നതായും ഇറാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ കപ്പലുകളുടെ പേരോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. മേഖലയിൽ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് ഹോർമുസിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചു. ഇന്ധനച്ചോർച്ചയ്ക്കും മറ്റ് അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഈ പാത ഒഴിവാക്കാൻ കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുങ്ങിയ ടാങ്കറിൽനിന്ന് എത്രത്തോളം എണ്ണ കടലിൽ ചോർന്നിട്ടുണ്ടെന്നോ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നോ വ്യക്തമായിട്ടില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *