തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിൽ അവശേഷിച്ച ദുരൂഹതകൾക്ക് തുടർച്ചയായിരിക്കും പുതിയ ചിത്രമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകി.
റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ പുറത്തുവന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കി. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം ഭാഗം ഒരുക്കാൻ പ്രചോദനമായതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. രണ്ടാം ഭാഗത്തിലെ താരനിർണയവും മറ്റ് വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്നും അറിയിച്ചു.






