അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാൻ 2014-ൽ പാർലമെന്റ് പാസാക്കിയ വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും മാഗ്സസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദിയാണ് ഹർജി നൽകിയത്.
അഴിമതികൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ നിരവധി കേസുകളും സർക്കാർ നടപടികളും നേരിടേണ്ടിവരുന്നുണ്ടെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. വിഷയം വ്യക്തിപരമായ പരാതിയായി കാണാതെ ഭരണഘടനാപരമായ പ്രശ്നമായി പരിഗണിക്കണമെന്നും ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കോടതി ഇടപെടണമെന്നുമാണ് ആവശ്യം.
2014 മേയ് 12-ന് വിജ്ഞാപനം ചെയ്ത നിയമം കേന്ദ്രസർക്കാർ ഇതുവരെ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടില്ല. ദേശീയ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കാത്തവിധം ഭേദഗതി വരുത്താൻ 2015-ൽ കേന്ദ്രം ബിൽ കൊണ്ടുവന്നെങ്കിലും ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ നടപടികളില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.






