വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ മധ്യപ്രദേശിലെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 7.6 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്ത് ലോകായുക്ത. സാത്പുര ടൈഗർ റിസർവിലെ അസിസ്റ്റന്റ് ഡയറക്ടറായ സഞ്ജീവ് കുമാർ ശർമയുടെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്.
2.5 കിലോഗ്രാം സ്വർണം, 1.6 കിലോഗ്രാം വെള്ളി, 26.36 ലക്ഷം രൂപ എന്നിവയുൾപ്പെടെയുള്ള സമ്പാദ്യമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 3.5 കോടി രൂപയും വെള്ളിക്ക് 2.9 ലക്ഷം രൂപയുമാണ് മതിപ്പുവില.
നിയമാനുസൃത വരുമാന സ്രോതസ്സുകളിലൂടെ സമ്പാദിക്കാവുന്നതിനേക്കാൾ 228 ശതമാനം അധികം സ്വത്ത് സഞ്ജീവ് കുമാർ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ലോകായുക്തയുടെ പ്രാഥമിക വിലയിരുത്തൽ. ഭാര്യയുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെയും പേരുകളിൽ ഇയാൾ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന റിസോർട്ടും ഒരു കോടി രൂപ വിലയുള്ള വീടും ഇയാളുമായി ബന്ധപ്പെട്ടതാണെന്നാണ് കണ്ടെത്തൽ.






