പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നു. കടബാധ്യതകളും കുടുംബച്ചെലവുകളും താങ്ങാനാകാതെ ജനങ്ങൾ സ്വന്തം ശരീരാവയവങ്ങളും രക്തവും വിൽപനയ്ക്ക് വെക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെലഗ്രാം ചാനലുകൾ കേന്ദ്രീകരിച്ച് ഇറാൻ ഇന്റർനാഷണൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വൃക്ക, മജ്ജ, കരൾ, കണ്ണിന്റെ കോർണിയ, വൃഷണം തുടങ്ങിയവ വിൽക്കാനായി നൂറുകണക്കിന് പരസ്യങ്ങളാണ് ടെലഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ വൃക്ക വിൽപനയ്ക്കായി 500-ഓളം പരസ്യങ്ങളും മജ്ജയ്ക്കായി 279 പരസ്യങ്ങളും കരളിനായി 51 പരസ്യങ്ങളും കണ്ടെത്തി. സാമ്പത്തിക ബാധ്യതകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരും കടക്കെണിയിലായവരും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുമാണ് പ്രധാനമായും അവയവങ്ങൾ വിൽക്കാൻ തയ്യാറാകുന്നത്.
അമേരിക്കയുടെ സാമ്പത്തിക, നാവിക ഉപരോധങ്ങൾ ഇറാന്റെ എണ്ണവരുമാനത്തെയും അവശ്യവസ്തുക്കളുടെ ലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉപരോധങ്ങൾ തുടർന്നാൽ വരുംമാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിലയിരുത്തൽ. എന്നാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുകൾ ഇറാൻ ഭരണകൂടം തള്ളിക്കളയുകയാണ്.






