ചെപ്പോക്കിൽ ക്ലാസിക് പോരാട്ടം: തിരിച്ചുവരവിനായി ചെന്നൈയും മുംബൈയും നേർക്കുനേർ

ഐപിഎല്ലിലെ ക്ലാസിക് പോരാട്ടം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്കാണ്.
അഞ്ച് കിരീടങ്ങൾ വീതം സ്വന്തമാക്കി ലീഗിലെ ഏറ്റവും കരുത്തരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഇത്തവണ പട്ടികയുടെ താഴെത്തട്ടിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങൾ മാത്രം സ്വന്തമായുള്ള ഹാർദിക് പാണ്ഡ്യയുടെ മുംബൈയ്ക്ക് ഇനി ശേഷിക്കുന്ന ആറ് മത്സരങ്ങളും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

മുംബൈയെ സംബന്ധിച്ചിടത്തോളം ബാറ്റിങ് നിരയിലെ പരീക്ഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. രോഹിത് ശർമ്മയുടെ പരിക്കും ക്വിന്റൺ ഡി കോക്കിന്റെ പിന്മാറ്റവും ടീമിനെ സാരമായി ബാധിച്ചു.എങ്കിലും ഹൈദരാബാദിനെതിരെ പുറത്താകാതെ 123 റൺസ് നേടി റയാൻ റിക്കൽട്ടൺ ഫോമിലേക്ക് ഉയർന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

എന്നാൽ സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമൻ ധിർ എന്നിവരടങ്ങുന്ന മധ്യനിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് നിലവിൽ ടീമിനെ വലയ്ക്കുന്നത്.
മുൻ സീസണിലെ മികവ് ആവർത്തിക്കാൻ സൂര്യകുമാറിന് ഇതുവരെ സാധിച്ചിട്ടില്ല.
ബാറ്റിങ്ങിനേക്കാൾ ഉപരിയായി മുംബൈയുടെ ബൗളിങ് നിര വലിയ ആശങ്കയാണ് ഉയർത്തുന്നത്.

അവസാന മത്സരത്തിൽ 243 റൺസ് പ്രതിരോധിക്കാൻ കഴിയാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മയാണ് ഏറ്റവും വലിയ തിരിച്ചടി. 132 എന്ന ബൗളിങ് ശരാശരിയിൽ പന്തെറിയുന്ന ബുംറയ്ക്ക് ചെന്നൈയിലെ വലിയ ബൗണ്ടറികൾ പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്.
മറുഭാഗത്ത് ചെന്നൈ സൂപ്പർ കിങ്‌സും സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് ചെന്നൈയ്ക്കുള്ളത്. ആയുഷ് മത്രെയുടെ പരിക്ക് ടീമിന് തിരിച്ചടിയായപ്പോൾ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് ടീം പലപ്പോഴും മുന്നോട്ട് നീങ്ങുന്നത്.നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ മങ്ങിയ ഫോമും മധ്യനിരയിലെ മെല്ലെപ്പോക്കും ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുൻപ് മുംബൈയെ അവരുടെ തട്ടകത്തിൽ 103 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ചെന്നൈയ്ക്കുണ്ട്.
ബൗളിങ്ങിൽ അൻഷുൽ കംബോജും നൂർ അഹമ്മദും മികച്ച പ്രകടനം നടത്തുന്നത് ചെന്നൈയ്ക്ക് ആശ്വാസകരമാണ്.

സ്പിന്നിനെ തുണയ്ക്കാറുള്ള ചെപ്പോക്കിലെ പിച്ചിൽ ഇത്തവണ പേസർമാരാണ് കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ സീസണിൽ മൂന്ന് തവണ 200 കടന്ന ചെപ്പോക്കിൽ ടോസ് നേടുന്നവർ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു പോരാട്ടത്തിലൂടെ ടൂർണമെന്റിലേക്ക് തിരിച്ചുവരാനാകും ഇരു ടീമുകളും ശ്രമിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *